Currency

അവധിക്കാലത്ത് സ്‌കൂളുകള്‍ ഓണ്‍ലൈന്‍ ക്ലാസ് നടത്തരുത്; നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി

സ്വന്തം ലേഖകന്‍Thursday, March 5, 2020 11:22 am

കുവൈത്ത് സിറ്റി: അവധിക്കാലത്ത് ഓണ്‍ലൈന്‍ ക്ലാസ് നടത്തരുതെന്ന് വിദ്യാഭ്യാസ മന്ത്രാലയം സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കി. രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ക്ക് നിര്‍ദേശം ബാധകമാണ്. ഇത് ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കും. ചില സ്‌കൂളുകള്‍ ഇതിനകം സ്വന്തം നിലക്ക് ഇത്തരം ക്ലാസുകള്‍ ആരംഭിച്ചിട്ടുണ്ട്.

കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ കുവൈത്തില്‍ മാര്‍ച്ച് 15 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്. ഇത് രണ്ടാഴ്ചത്തേക്കുകൂടി നീട്ടുന്നത് അധികൃതരുടെ പരിഗണനയിലാണ്. നഷ്ടപ്പെടുന്ന ക്ലാസ് ദിവസങ്ങള്‍ക്ക് പകരമായി ഈ വര്‍ഷം കരിക്കുലം വെട്ടിക്കുറക്കുന്നതും പരീക്ഷക്കുശേഷമുള്ള അവധിക്കാലം ഒഴിവാക്കുന്നതുമാണ് വിദ്യാഭ്യാസ മന്ത്രാലയം പരിഗണിച്ചുവരുന്നത്. ഇതിന് വിരുദ്ധമായ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ ചില സ്വകാര്യ സ്‌കൂളുകള്‍ വെബ് സ്ട്രീമിങ് വഴി ക്ലാസുകള്‍ ആരംഭിക്കുകയായിരുന്നു.

ഇത്തരത്തില്‍ ക്ലാസുകള്‍ എടുക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി അബ്ദുല്‍ മുഹ്‌സിന്‍ അല്‍ ഹുവൈലയുടെ നേരിട്ടുള്ള നിര്‍ദേശപ്രകാരം സ്വകാര്യ വിദ്യാഭ്യാസ വകുപ്പ് മാനേജര്‍ സനദ് അല്‍ മുതൈരി സ്‌കൂളുകള്‍ക്ക് സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x