Currency

കുവൈത്തില്‍ ഓണ്‍ലൈന്‍ പ്രസിദ്ധീകരങ്ങള്‍ക്കു പെരുമാറ്റച്ചട്ടം വരുന്നു

സ്വന്തം ലേഖകന്‍Wednesday, December 19, 2018 12:19 pm

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഓണ്‍ലൈന്‍ പ്രസിദ്ധീകരങ്ങള്‍ക്കു പെരുമാറ്റച്ചട്ടം വരുന്നു. നിയമ വിധേയമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങളെ സഹായിക്കുന്ന തരത്തില്‍ ബൈ ലോ തയ്യാറാക്കാനാണു വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ പദ്ധതി.

ഓണ്‍ലൈന്‍ പത്രങ്ങള്‍ വെബ്സൈറ്റുകള്‍ എന്നിവക്ക് ബാധകമാകുന്ന രീതിയില്‍ ഇ മീഡിയ നിയമത്തിലെ എട്ടാം അനുച്ഛേദം അനുസരിച്ചുള്ളതായിരിക്കും നിര്‍ദിഷ്ട പെരുമാറ്റച്ചട്ടം. ഇലക്ട്രോണിക് മാധ്യമങ്ങള്‍ക്ക് സര്‍ക്കാര്‍ തലസഹായങ്ങള്‍ ലഭ്യമാക്കുന്നതോടൊപ്പം ഔദ്യോഗിക തലത്തില്‍ നടക്കുന്ന സെമിനാറുകള്‍ ഉച്ചകോടികള്‍ എന്നിവ കവര്‍ ചെയ്യാനുള്ള അനുമതി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കും പെരുമാറ്റച്ചട്ടം സഹായകമാകും. രാജ്യത്ത് ഇ മീഡിയ നിയമം പ്രാബല്യത്തിലായതിനു ശേഷം ന്യൂസ് പോര്‍ട്ടലുകള്‍ക്കും വെബ്സൈറ്റുകള്‍ക്കും ലൈസന്‍സ് നേടാന്‍ ഒരു വര്‍ഷത്തെ സമയം അനുവദിച്ചിരുന്നു.

ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുകയും ഉടമകള്‍ക്ക് 500 ദിനാര്‍ മുതല്‍ 5000 ദിനാര്‍ വരെ പിഴചുമത്തുകയും ചെയ്യും. കുറഞ്ഞത് സെക്കണ്ടറി സ്‌കൂള്‍ വിദ്യാഭ്യാസമെങ്കിലുമുള്ള 21 വയസ്സിന് മേല്‍ പ്രായമുള്ള സ്വദേശികള്‍ക്ക് മാത്രമാണ് ഇലക്ട്രോണിക് മീഡിയ ലൈസന്‍സ് അനുവദിക്കുക. ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകള്‍, ബുള്ളറ്റിനുകള്‍, വാര്‍ത്താ പത്രങ്ങളുടെയും ചാനലുകളുടെയും വെബ്‌സൈറ്റുകള്‍ എന്നിവയുള്‍പ്പെടെ മുഴുവന്‍ വെബ് അധിഷ്ഠിത പ്രസിദ്ധീകരണങ്ങളും നിയമാനുസൃത നിയന്ത്രണത്തിന് വിധേയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് അധികൃതര്‍ ഇലക്ട്രോണിക് മീഡിയ നിയമം പ്രാബല്യത്തിലാക്കിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x