
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഒരോ സ്വദേശി കുടുംബത്തിനും രണ്ട് ഡ്രൈവര്‍മാരെ വീതം അനുവദിച്ചാല്‍ മതിയെന്ന് തീരുമാനം. ആഭ്യന്തര മന്ത്രാലയം ഇതു സംബന്ധിച്ച് എല്ലാ ഗവര്‍ണറേറ്റിലേയും താമസകാര്യ വകുപ്പ് ഓഫിസുകള്‍ക്ക് സര്‍ക്കുലര്‍ അയച്ചു. രണ്ടില്‍ കൂടുതല്‍ ഡ്രൈവര്‍മാരെ വേണമെങ്കില്‍ താമസകാര്യ വകുപ്പ് മേധാവിയുടെ പ്രത്യേക അനുമതി നിര്‍ബന്ധമാക്കിയിട്ടുണ്ട്.
താമസകാര്യവകുപ്പ് മേധാവി അബ്ദുല്‍ ഖാദര്‍ ശഅബാന്‍, അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി തലാല്‍ മഅ്‌റഫി എന്നിവര്‍ക്കാണ് പ്രത്യേക അനുമതി നല്‍കാനുള്ള അധികാരം. കുടുംബാംഗങ്ങളുടെ എണ്ണവും മറ്റു സാഹചര്യങ്ങളും പരിശോധിച്ച് സൂക്ഷ്മതയോടെ മാത്രമാണ് രണ്ടില്‍ കൂടുതല്‍ ഡ്രൈവര്‍മാര്‍ക്ക് അനുമതി നല്‍കുക. വിദേശ തൊഴിലാളികളുടെ എണ്ണം കുറച്ച് ജനസംഖ്യാ സന്തുലനം സാധ്യമാക്കുന്നതിനാണ് ഇത്തരമൊരു നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
വാഹനപ്പെരുപ്പം മൂലം റോഡുകളില്‍വഗതാഗതക്കുരുക്കുണ്ടാവുന്നത് പരിഹരിക്കുകയും ലക്ഷ്യമാണ്. ഓരോ വര്‍ഷവും വര്‍ധിച്ചു വരുന്ന വാഹനങ്ങളുടെ എണ്ണത്തെ ഉള്‍ക്കൊള്ളാന്‍ രാജ്യത്തെ നിരത്തുകള്‍ക്കു കഴിയുന്നില്ല. പ്രതിവര്‍ഷം ഇഷ്യൂ ചെയ്യപ്പെടുന്ന ലൈസന്‍സുകളുടെ എണ്ണത്തിലും വര്‍ധനയുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ സ്ഥിതി വിവരക്കണക്ക് വ്യക്തമാക്കുന്നത്. ഇതെല്ലാം പരിഗണിച്ചാണ് ഡ്രൈവര്‍ വിസ അനുവദിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.