Currency

എണ്ണ ഉല്‍പാദനം: നിയന്ത്രണം ആറ് മാസത്തേക്ക് കൂടി നീട്ടാന്‍ ഒപെക് തീരുമാനം

സ്വന്തം ലേഖകന്‍Monday, March 27, 2017 3:47 pm

കുവൈത്ത് സിറ്റി: എണ്ണ ഉല്‍പാദന നിയന്ത്രണം ഫലപ്രദമാണെന്ന വിലയിരുത്തലിനെ തുടര്‍ന്ന് നിയന്ത്രണം ആറ് മാസത്തേക്ക് കൂടി നീട്ടാന്‍ ഒപെക് തീരുമാനിച്ചു. കുവൈത്തില്‍ ചേര്‍ന്ന രണ്ടാമത് ഒപെക് -നോണ്‍ ഒപെക് മന്ത്രിതല യോഗത്തിലാണ് നിയന്ത്രണം തുടരാന്‍ ധാരണയായത്. എണ്ണ ഉല്‍പാദനം കുറയ്ക്കാനുള്ള തീരുമാനം 92 ശതമാനം നടപ്പാക്കാന്‍ കഴിഞ്ഞതായി യോഗം വിലയിരുത്തി. ജനുവരി ഒന്നു മുതലാണ് എണ്ണ ഉല്‍പാദനത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

ഒപെക് ധാരണ പ്രകാരം കുവൈത്ത് പ്രതിദിന ഉല്‍പാദനത്തില്‍ 2.7 ശതമാനം കുറവ് വരുത്തിയതായി ഇസ്സാം അല്‍ മര്‍സൂഖ് പറഞ്ഞു. ഒപെക് രാജ്യങ്ങള്‍ ജനുവരി മുതല്‍ പ്രതിദിനം 1.2 മില്യന്‍ ബാരലിന്റെ കുറവാണ് വരുത്തിയിട്ടുള്ളത്. അതേസമയം റഷ്യയുടെ നേതൃത്വത്തിലുള്ള നോണ്‍ ഒപെക് രാജ്യങ്ങള്‍ക്ക് 50 ശതമാനം നടപ്പാക്കാനേ കഴിഞ്ഞിട്ടുള്ളൂ. 11 നോണ്‍ ഒപെക് രാജ്യങ്ങളില്‍ പകുതിയും ഇനിയും ഉല്‍പാദനം വെട്ടിക്കുറച്ചിട്ടില്ല.

2016 നവംബര്‍ 30നാണ് എട്ട് വര്‍ഷത്തിനിടെ ആദ്യമായി ഉല്‍പാദനം വെട്ടിക്കുറക്കാന്‍ തീരുമാനിച്ചതായി ഒപെക് പ്രഖ്യാപിച്ചത്. ഒപെകിന് പുറത്തുള്ള എണ്ണ ഉല്‍പാദക രാജ്യങ്ങളും ഈ തീരുമാനത്തോട് യോജിക്കുകയായിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x