Currency

ഉച്ച സമയത്ത് പുറം ജോലികള്‍ ചെയ്യുന്നതിന് കുവൈത്തില്‍ വിലക്ക്

സ്വന്തം ലേഖകന്‍Monday, May 27, 2019 1:20 pm

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഉച്ച സമയത്തു പുറം ജോലികള്‍ ചെയ്യുന്നതിനുള്ള വിലക്ക് അടുത്ത ആഴ്ച നിലവില്‍ വരും. മുന്‍ വര്‍ഷങ്ങളിലേതുപോലെ ജൂണ്‍ ഒന്ന് മുതല്‍ ആഗസ്റ്റ് 31 വരെ മൂന്ന് മാസത്തേക്കാണ് മദ്ധ്യാഹ്ന ജോലി വിലക്കേര്‍പ്പെടുത്തുക. വിലക്ക് കാലയളവില്‍ രാവിലെ 11 മണി മുതല്‍ വൈകിട്ട് അഞ്ചുമണിവരെ സൂര്യപ്രകാശം ഏല്‍ക്കുന്ന തരത്തില്‍ തുറന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യാനോ ചെയ്യിപ്പിക്കാനോ പാടില്ല. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നു മാന്‍ പവര്‍ അതോറിറ്റി മുന്നറിയിപ് നല്‍കി.

കനത്ത ചൂടില്‍ തൊഴിലാളികള്‍ക്ക് സൂര്യാതാപം പോലുള്ള അപകടങ്ങള്‍ ഏല്‍ക്കാതിരിക്കുന്നതിനാണ് പതിവുപോലെ ഇക്കുറിയും മദ്ധ്യാഹ്ന പുറംജോലി വിലക്ക് ഏര്‍പ്പെടുത്തുന്നതെന്നു മാന്‍പവര്‍ അതോറിറ്റി അറിയിച്ചു. നിയമം പാലിക്കപ്പെടുന്നുണ്ടോ എന്ന കാര്യം കര്‍ശനമായി നിരീക്ഷിക്കുമെന്നും ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രത്യേക ഉദ്യോഗസ്ഥ സംഘങ്ങള്‍ അടുത്ത ആഴ്ച മുതല്‍ ഫീല്‍ഡില്‍ പരിശോധനക്കിറങ്ങും.

സ്മാര്‍ട്ട് മെഷീന്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളോടെയാണ് നിരീക്ഷകര്‍ പരിശോധന നടത്തുക. നിയമം പാലിക്കുന്നില്ലെന്ന് കണ്ടെത്തിയാല്‍ ആദ്യം നോട്ടിസ് നല്‍കും. പിന്നീടും ഇത് ആവര്‍ത്തിച്ചാല്‍ ഒരു തൊഴിലാളിക്ക് 100 ദിനാര്‍ എന്ന കണക്കില്‍ പിഴയും തൊഴിലുടമകളുടെ ഫയലുകള്‍ മരവിപ്പിക്കുന്നതുള്‍പ്പെടെ നടപടികളുണ്ടാവും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x