Currency

യുഎസ് പാകിസ്താനെയും വിലക്കിയേക്കും

സ്വന്തം ലേഖകന്‍Monday, January 30, 2017 11:33 am

വാഷിങ്ടണ്‍: ഏഴ് മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ളവരെ അമേരിക്കയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കിയതിന് പിന്നാലെ പാകിസ്താനെയും കുടിയേറ്റ നിയന്ത്രണപട്ടികയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. വൈറ്റ്ഹൗസ് വൃത്തങ്ങള്‍ ഇത് സംബന്ധിച്ച സൂചനകള്‍ നല്‍കിയതായാണ് റിപ്പോര്‍ട്ട്.

നിലവില്‍ വിലക്കിയിട്ടുള്ള ഏഴ് രാജ്യങ്ങളും തീവ്രവാദത്തിന് ശക്തമായ വേരോട്ടമുള്ള രാജ്യങ്ങളാണെന്ന് ഒബാമ ഭരണകൂടം കണ്ടെത്തിയിട്ടുണ്ടെന്ന് വൈറ്റ് ഹൗസ് പ്രതിനിധി പറഞ്ഞു. ശക്തമായ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന രാജ്യങ്ങളാണ് പാകിസ്താനും, അഫ്ഘാനിസ്താനും. ഈ രാജ്യങ്ങളുടെ കാര്യത്തിലും വൈകാതെ തന്നെ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവില്‍ ഇറാന്‍, ലിബിയ, സൊമാലിയ, ഇറാഖ്, സുഡാന്‍, യെമന്‍, സിറിയ എന്നീ ഏഴ് മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് അമേരിക്കയില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ രാജ്യങ്ങഴില്‍ നിന്നുള്ളവരെ 90 ദിവസത്തേക്കാണ് അമേരിക്കയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കിയിരിക്കുന്നത്. ഏഴു മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താനുള്ള ട്രംപിന്റെ തീരുമാനം വന്‍ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x