
റിയാദ്: സൗദിയില്‍ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സേവനങ്ങള്‍ ലഭിക്കാന്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും വ്യക്തിഗത മേല്‍ വിലാസം നിര്ബന്ധമാക്കിത്തുടങ്ങി. സൗദി പോസ്റ്റിന്റെ ആഭിമുഖ്യത്തിലുള്ള നാഷണല്‍ അഡ്രസ് വെബ്സൈറ്റിലാണ് എല്ലാവര്ക്കും മേല്‍വിലാസം രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യമൊരുക്കിയിട്ടുള്ളത്. രാജ്യത്തെ സേവനങ്ങള്‍ സുഗമമാക്കാനും സുരക്ഷയൊരുക്കാനും പദ്ധതി സഹായിക്കും.
വ്യക്തികള്‍ക്ക് പുറമെ സ്ഥാപനങ്ങള്‍ക്കും മേല്‍വിലാസം രജിസ്റ്റര്‍ ചെയ്യാം. വ്യക്തികള്‍ തിരിച്ചറിയല്‍ കാര്‍ഡ് നമ്പറാണ് രജിസ്റ്റര്‍ ചെയ്യാന്‍ നല്‍കേണ്ടത്. അതേസമയം സ്ഥാപനങ്ങള്‍ക്ക് കൊമേഴ്സ്യല്‍ രജിസ്ട്രേഷന് നമ്പര്‍, തൊഴില്‍ മന്ത്രാലയ രജിസ്ട്രേഷന് നമ്പര്‍ എന്നിവ ചേര്‍ത്താല്‍ മാത്രമേ രജിസ്ട്രേഷന് പൂര്‍ത്തിയാവൂ. രജിസ്ട്രേഷന് നടപടികള്‍ പൂര്‍ണ്ണമാകുന്നതോടെ മൊബൈലില്‍ ഓണ്‍ ടൈം പാസ്വേര്ഡ് ലഭിക്കും. ഇതുപയോഗിച്ച് വെരിഫൈ നടത്തി അക്കൗണ്ട് ആക്ടിവേറ്റ് ചെയ്യുന്നതോടെ സിപ് കോഡ്, അഡീഷനല്‍ കോഡ് തുടങ്ങിയ വിവരങ്ങളുള്‍പ്പെടുന്ന സമ്പൂര്‍ണ മേല്‍വിലാസം ഇഖാമയിലെ പേര് സഹിതം പ്രത്യക്ഷപ്പെടും.
അഡ്രസ് തിരുത്താന്‍ മാനേജ് രജിസ്റ്റേര്‍ഡ് അഡ്രസ് എന്ന ഭാഗം ക്ലിക്ക് ചെയ്താല്‍ മതി. താമസിക്കുന്ന പ്രവിശ്യ, ഏരിയ, മുനിസിപ്പാലിറ്റി നല്കിയ നാലക്ക കെട്ടിട നമ്പര്‍, ഫ്ലാറ്റ് നമ്പര്‍, മൊബൈല്‍ നമ്പര്‍, ഇമെയില്‍ ഐഡി, ഇഖാമ നമ്പര്‍, ഇഖാമ കാലാവധി തുടങ്ങിയ വിവരങ്ങളാണ് രജിസ്ട്രേഷന് പൂര്‍ത്തീകരിക്കാന്‍ വേണ്ടത്.
നാഷണല്‍ അഡ്രസില്‍ വ്യക്തിഗത മേല്‍വിലാസം രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ അക്കൗണ്ട് മരവിപ്പിക്കില്ലെന്നും പുതിയ അക്കൗണ്ട് തുറക്കാന്‍ നാഷണല്‍ അഡ്രസ് വേണമെന്നും ബാങ്കുകള്‍ അറിയിച്ചു. ഇന്‍ഷുറന്‍സ് പോളിസി എടുക്കാനും നാഷണല്‍ അഡ്രസ് നിര്‍ബന്ധമാക്കുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.