റിയാദ്: സ്വകാര്യ മേഖലയിലെ ഫാര്‍മസികളിലും അനുബന്ധ ജോലികളിലും സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്നു. വിവിധ ഘട്ടങ്ങളിലായി നടപ്പാക്കുന്ന സ്വദേശിവകരണത്തിന്റെ ആദ്യ ഘട്ടം ജൂലൈ 22ന് പ്രാബല്യത്തില്‍ വരും. 20 ശതമാനം സ്വദേശിവത്ക്കരണമാണ് ആദ്യ ഘട്ടത്തില്‍ നടപ്പാക്കുക. ഇതിനുള്ള കരാറിന് തൊഴില്‍ മന്ത്രി എന്‍ജി. അഹ്മദ് അല്‍ റാ ജഹി അംഗീകാരം നല്‍കി.
ഒരു വര്‍ഷത്തിന് ശേഷം പ്രാബല്യത്തില്‍ വരുന്ന രണ്ടാം ഘട്ടത്തില്‍ 30 ശതമാനം സ്വദേശിവത്ക്കരണം നടപ്പാക്കും. അഞ്ച് വിദേശികളില്‍ കൂടുതലുള്ള സ്ഥാപനങ്ങളിലാണ് സ്വദേശിവത്ക്കരണം നടപ്പാക്കേണ്ടത്. 40,000 സ്വദേശി യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് തൊഴില്‍ മന്ത്രാലയം പ്രതീക്ഷിക്കുന്നത്. അതേസമയം സൗദി ഫുഡ്സ് ആന്‍ഡ് ഡ്രഗ്സ് അതോറിറ്റി നേരത്തെ സ്വദേശിവത്ക്കരണം പ്രഖ്യാപിച്ച ചില തൊഴിലുകള്‍ തൊഴില്‍ മന്ത്രാലയത്തിന്റെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഫാര്‍മസ്യൂട്ടിക്കല്‍സ് മാര്‍ക്കറ്റിംഗ് സ്‌പെഷ്യലിസ്റ്റ്, മരുന്ന് ഏജന്‍സികള്‍, വിതരണക്കാര്‍, ഫാക്ടറികള്‍ എന്നീ ജോലികളിലെ സ്വദേശിവത്ക്കരണത്തിന് ഫുഡ്സ് ആന്‍ഡ് ഡ്രഗ്സ് അതോറിറ്റി മേല്‍നോട്ടം വഹിക്കുമെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.