Currency

കൊവിഡ് 19; ഞായറാഴ്ച ‘ജനതാ കര്‍ഫ്യൂ’ പ്രഖ്യാപിച്ച് പ്രധാനമന്ത്രി

സ്വന്തം ലേഖകന്‍Friday, March 20, 2020 10:20 am

ന്യൂഡല്‍ഹി: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ഞായറാഴ്ച (മാര്‍ച്ച് 22) രാവിലെ ഏഴ് മുതല്‍ രാത്രി ഒന്‍പത് വരെ ജനകീയ കര്‍ഫ്യൂവിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി. കര്‍ഫ്യൂവിന് സംസ്ഥാന സര്‍ക്കാര്‍ മേല്‍നോട്ടം വഹിക്കണമെന്നും പ്രധനമന്ത്രി പറഞ്ഞു. കൊവിഡ് 19 നെ പ്രതിരോധിക്കാന്‍ ദൗത്യസംഘത്തെ രൂപവത്കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോക മഹായുദ്ധത്തേക്കാള്‍ വലിയ പ്രതിസന്ധിയിലൂടെയാണ് ലോകം കടന്നു പോകുന്നതെന്നും രാജ്യം ഈ അവസ്ഥയെ കരുതലോടെ നേരിടണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ അവസരത്തില്‍ ജനങ്ങള്‍ പ്രതിജ്ഞാബന്ധരായിരിക്കണം. ഐസോലേഷനിലുള്ളവര്‍ ക്ഷമയോടെ അത് പാലിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. വിവിധ വിഭാഗങ്ങളിലുള്ളവര്‍ വീട്ടിലിരുന്നു ജോലി ചെയ്യാന്‍ പരമാവധി ശ്രമിക്കണം ഈ അവസരത്തില്‍ വേതനം കുറയ്ക്കുന്ന നടപടികള്‍ ഉണ്ടാവരുതെന്നും അദ്ദേഹം പറഞ്ഞു.

വൈറസിനെ നേരിടാന്‍ മാര്‍ഗങ്ങള്‍ ഇതുവരെ കണ്ടുപിടിച്ചിട്ടില്ലെന്നും കര്‍ഫ്യൂന് മുന്‍പുള്ള രണ്ട് ദിവസം ആളുകളെ ഇതിനായി ബോധവാന്മാരാക്കണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യം കരുതലോടെയിരിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയെ ബാധിക്കില്ലെന്ന ചിന്ത പൂര്‍ണമായും തെറ്റാണെന്ന് മോദി പറഞ്ഞു. ഒരു പൗരനും ലാഘവത്തെടെ കോവിഡ് ഭീതിയെ സമീപിക്കരുത്. ലോകമാകെ രോഗബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. മെല്ലെ തുടങ്ങി അതിവേഗം പടരുന്ന കാഴ്ചയാണ് കാണുന്നതെന്നും മോദി പറഞ്ഞു.

വൈറസ് ബാധയുടെ തുടക്കത്തില്‍ തന്നെ അടിയന്തര നടപടി എടുത്ത രാജ്യങ്ങള്‍ക്ക് മാത്രമാണ് രോഗത്തെ നേരിടാനായത്. കൊറോണയ്ക്ക് ഇതുവരെ ശാസ്ത്രം പ്രതിവിധി കണ്ടെത്തിയിട്ടില്ല. ജനങ്ങള്‍ ഏതാനും ആഴ്ചകള്‍ കൂടിപ്രതിരോധിക്കണമെന്നും മോദി പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x