Currency

പ്രധാനമന്ത്രി നരേന്ദ്രമോദി അബുദാബിയിലെത്തി; യുഎഇയുടെ പരമോന്നത ബഹുമതി ഇന്ന് സ്വീകരിക്കും

സ്വന്തം ലേഖകന്‍Saturday, August 24, 2019 2:55 pm

അബുദാബി: രണ്ടുദിവസത്തെ ഗള്‍ഫ് സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അബുദാബിയിലെത്തി. ഇന്ന് യുഎഇയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഓര്‍ഡര്‍ ഓഫ് സായിദ് മെഡല്‍ സ്വീകരിക്കും. ഈ പുരസ്‌കാരം ഏറ്റുവാങ്ങുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. പ്രസിഡന്‍ഷ്യല്‍ പാലസില്‍ നടക്കുന്ന ചടങ്ങില്‍ അബുദാബി കിരീടാവകാശിയും യുഎഇ. സായുധസേനയുടെ ഉപസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഉള്‍പ്പെടെ രാജകുടുംബത്തിലെ പ്രമുഖര്‍ സംബന്ധിക്കും.

നാല് വര്‍ഷത്തിനിടെ മൂന്നാം തവണയാണ് പ്രധാനമന്ത്രി യുഎഇയിലെത്തുന്നത്. ഇന്ത്യയുടെ റുപേ കാര്‍ഡിന്റെ ഉദ്ഘാടനം നരേന്ദ്രമോദി നിര്‍വഹിക്കും. ഇതിന് ശേഷം ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തും. മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ചുള്ള പ്രത്യേക സ്റ്റാമ്പ് പ്രധാനമന്ത്രിയും ശൈഖ് മുഹമ്മദും ചേര്‍ന്ന് പുറത്തിറക്കും. വിവിധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച കരാറുകളും ഇതോടനുബന്ധിച്ച് ഒപ്പുവയ്ക്കും.

ഇന്ത്യാ-യുഎഇ ബന്ധത്തിലെ സുവര്‍ണ അധ്യായമാണ് മോദിയുടെ മൂന്നാമത് സന്ദര്‍ശനവും പരമോന്നത പുരസ്‌കാര സ്വീകരണവും. കശ്മീര്‍വിഷയത്തില്‍ ഇന്ത്യന്‍ നിലപാടിനെ പിന്തുണച്ച ആദ്യ അറബ് രാജ്യമാണ് യുഎഇ എന്നതും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ തിളക്കം കൂട്ടുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x