
കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യന്‍ സമൂഹം പ്രവാസി ഭാരതീയ ദിവസ് ആചരിച്ചു. പ്രവാസികള്‍ നേരിടുന്ന പൊതുപ്രശ്നങ്ങളില്‍ മൂര്‍ത്തമായ പരിഹാരമൊന്നും നിര്‍ദേശിക്കാന്‍ അധികൃതര്‍ക്കും കഴിഞ്ഞില്ല. നഴ്സിങ് റിക്രൂട്ട്മെന്റും അനധികൃത താമസക്കാരുടെ പ്രശ്നങ്ങളും ഇത്തവണയും പതിവുപോലെ ഉന്നയിക്കപ്പെട്ടു. മറ്റു രാജ്യവുമായി ബന്ധപ്പെട്ട കാര്യമായതിനാല്‍ ചെയ്യാന്‍ കഴിയുന്നതിന് പരിമിതിയുണ്ടെന്ന പതിവു മറുപടിയായിരുന്നു ഇത്തവണയും.
വേണ്ട ഇടപെടലുകള്‍ നടത്താമെന്നും സാധ്യമാവുന്ന വിധത്തില്‍ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കണ്ടെത്താമെന്നുമുള്ള അധികൃതരുടെ വാക്കുകളില്‍ പാതി വിശ്വാസമര്‍പ്പിച്ച് പിരിഞ്ഞു. അനധികൃത പാര്‍ക്കിങ്ങിനെതിരെ പൊലീസ് കര്‍ശന നടപടിയുമായി രംഗത്തിറങ്ങിയതോടെ പ്രതിസന്ധിയിലായതിന്റെ ബുദ്ധിമുട്ടുകള്‍ സംഘടനാ പ്രതിനിധികള്‍ പങ്കുവെച്ചു. പാര്‍ക്കിങ്ങിന് സ്ഥലമില്ലാതെ ബുദ്ധിമുട്ടുന്ന ജലീബിലെയടക്കം ഇന്ത്യക്കാര്‍ നമ്പര്‍ പ്ലേറ്റ് ഊരല്‍ ഭീഷണിയുടെ വിഷമം പങ്കുവെച്ചു. ബന്ധപ്പെട്ടവരുമായി വിഷയം ചര്‍ച്ച ചെയ്യുമെന്ന് എംബസി അധികൃതര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.
കുവൈത്തിലുള്ള ഇന്ത്യക്കാരുടെ നിക്ഷേപം സുരക്ഷിതമാക്കാന്‍ ഇടപെടുമെന്ന് എംബസിയിലെ ഡെപ്യൂട്ടി ചീഫ് മിഷന് സുഭാഷിഷ് ഗോള്‍ഡര്‍ പറഞ്ഞു. അംബാസഡറുടെ അസാന്നിധ്യത്തില്‍ അദ്ദേഹമാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.