
കുവൈത്ത് സിറ്റി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാനുള്ള അവസരം ഇനി മൂന്നുദിവസം കൂടി മാത്രം. തെരഞ്ഞെടുപ്പ് കമീഷന്റെ അറിയിപ്പനുസരിച്ച് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 15 ആണ്. അതുവരെ ലഭിക്കുന്ന അപേക്ഷകളുടെ അടിസ്ഥാനത്തില്‍ 2019 ജനുവരി നാലിന് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും.
ഈ പട്ടികയില്‍ പേരുള്ളവര്‍ക്ക് മാത്രമേ വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ സാധിക്കൂ. അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് പകരക്കാരനെ അധികാരപ്പെടുത്തി (പ്രോക്‌സി) വോട്ട് ചെയ്യുന്നതിനുള്ള ബില്‍ കഴിഞ്ഞ ആഗസ്റ്റിലാണ് ലോക്‌സഭ പാസാക്കിയത്. വോട്ടവകാശം എന്ന ഏറെനാളത്തെ ആവശ്യം യാഥാര്‍ഥ്യത്തോടടുക്കുമ്പോള്‍ പ്രവാസികള്‍ അമാന്തിച്ചുനില്‍ക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. താഴെത്തട്ടിലെ പ്രവാസികള്‍ക്കിടയിലേക്ക് ഈ സന്ദേശം വേണ്ടത്ര എത്തിയിട്ടില്ല. https://www.nvsp.in/ എന്ന വെബ്‌സൈറ്റിലൂടെ ലളിതമായി അപേക്ഷകള്‍ സമര്‍പ്പിക്കാം.
സ്വയം സാക്ഷ്യപ്പെടുത്തിയ പാസ്‌പോര്‍ട്ട് പകര്‍പ്പും ഫോട്ടോയും മാത്രമാണ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടത്. തങ്ങളുടെ ബൂത്തിന്റെ കരടു വോട്ടര്‍ പട്ടിക http://ceo.kerala.gov.in/electoralrolls.html എന്ന ലിങ്കില്‍നിന്നും പി.ഡി.എഫ് ഫയല്‍ ആയി ഡൗണ്‍ലോഡ് ചെയ്ത് പരിശോധിക്കാനും സാധിക്കും. മുഖ്യധാരാ രാഷ്ട്രീയ സംഘടനകളുടെ പ്രവാസിവിഭാഗങ്ങള്‍ കഴിഞ്ഞയാഴ്ച വോട്ടുചേര്‍ക്കല്‍ കാമ്പയിന്‍ ശക്തമാക്കിയെങ്കിലും അതിനിടെ തുടര്‍ച്ചയായി പെയ്ത മഴയും വെള്ളപ്പൊക്കവും വീണ്ടും മന്ദഗതിയിലാക്കി.
അപേക്ഷാതീയതി നീട്ടണമെന്ന ആവശ്യവും വിവിധ സംഘടനകള്‍ ഉന്നയിക്കുന്നുണ്ട്. ഒക്ടോബര്‍ ഒന്നിന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടികയില്‍ കേരളത്തില്‍ ഇതുവരെ 23,410 പ്രവാസി വോട്ടര്‍മാര്‍ മാത്രമാണുള്ളത്. വിവിധ ഗള്‍ഫ് രാജ്യങ്ങളിലായി 25 ലക്ഷത്തിലധികം പ്രവാസി മലയാളികള്‍ ജോലി ചെയ്യുന്നത് പരിഗണിക്കുമ്പോള്‍ ഇത് വളരെ കുറവാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.