Currency

അമേരിക്കൻ പ്രസിഡന്റ് തെരെഞ്ഞെടുപ്പ്; സംവാദങ്ങൾക്ക് തുടക്കമായി

Tuesday, September 27, 2016 2:37 pm

വിദേശ നയവും സാമ്പത്തിക വ്യവസ്ഥയുമായിരുന്നു ആദ്യ സംവാദത്തിൽ പ്രധാന വിഷയങ്ങൾ.

ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് തെരെഞ്ഞെടുപ്പിന്റെ ഭാഗമായുള്ള സംവാദങ്ങൾക്ക് തുടക്കമായി. ഹോഫ്സ്ട്രാ സര്‍വകലാശാല ക്യാംപസില്‍ നടന്ന ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണ്‍ന്റെയും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്റെയും ആദ്യ സംവാദം ലക്ഷക്കണക്കിനു പേരാണ് തത്സമയം കണ്ടത്. വിദേശ നയവും സാമ്പത്തിക വ്യവസ്ഥയുമായിരുന്നു ആദ്യ സംവാദത്തിൽ പ്രധാന വിഷയങ്ങൾ.  രാജ്യപുരോഗതി, സുരക്ഷ എന്നീ വിഷയങ്ങളിലൂടെ ആരംഭിച്ച സംവാദം കടുത്ത വാദപ്രതിവാദങ്ങളിലേക്ക് കടന്നു.

നികുതിത്തട്ടിപ്പുകാരനാണ് ട്രംപെന്ന് ഹിലരി ആരോപിച്ചപ്പോൾ, ഹിലാരി ഡിലീറ്റ് ചെയ്ത 33,000 ഇമെയിലുകള്‍ പുറത്തുവിട്ടാല്‍ തന്റെ നികുതി വിവരങ്ങള്‍ പുറത്തുവിടാന്‍ ഒരുക്കമാണെന്ന് ട്രംപ് പ്രതിരോധിച്ചു.  ധനികനല്ലെന്നും ദാനശീലനെന്നും അവകാശപ്പെടുന്ന ട്രംപ് നികുതിവെട്ടിപ്പ് നടത്തുന്നതെന്തിനാണ് എന്നായിരുന്നു ഹിലാരിയുടെ മറുചോദ്യം.  ഇ മെയിലിന്റെ കാര്യത്തില്‍ തനിക്ക് തെറ്റ് പറ്റിയെന്നും ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും ഹിലാരി വ്യക്തമാക്കി.

അമേരിക്കന്‍ ജനങ്ങളുടെ തൊഴില്‍ അവസരങ്ങള്‍ വിദേശരാജ്യങ്ങള്‍ തട്ടിയെടുക്കുന്നുവെന്ന ആരോപണവും ട്രംപ് ഉന്നയിക്കുകയുണ്ടായി. നികുതി ഇളവ് നൽകി വലിയ കമ്പനികളെ രാജ്യത്തിനു പുറത്തേക്കുകൊണ്ടുപോകുന്നത് തടയുെമന്നും ട്രംപ് പ്രതികരിച്ചു. എന്നാൽ എല്ലാവരെയും തുല്യരായി പരിഗണിക്കുന്ന സമ്പദ് വ്യവസ്ഥയാണ് തന്റെ സ്വപ്നമെന്ന് ഹിലരി പ്രതികരിച്ചു.  ആദ്യ പ്രസിഡന്റ് സ്ഥാനാർത്ഥി സംവാദത്തില്‍ ഹിലരി വ്യക്തമായ മേല്‍ക്കെ നേടിയെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. സംവാദത്തിൽ 62 ശതമാനം പേരാണ് ഹിലരിയെ പന്തുണച്ചത്. ട്രംപിന് 27 ശതമാനം പേരുടെ പിന്തുണ മാത്രമാണ് ലഭിച്ചത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x