Currency

ഹാന്‍ഡ് ബാഗേജ് പരിശോധനക്ക് അത്യാധുനിക കംപ്യൂട്ടര്‍ എക്സ്‌റേ; കൂടുതല്‍ കൃത്യത, യാത്രക്കാര്‍ക്ക് സമയ ലാഭം

സ്വന്തം ലേഖകന്‍Thursday, November 19, 2020 6:02 pm

ദോഹ: ഹമദ് വിമാനത്താവളത്തിലെ സുരക്ഷാ ചെക്ക് പോയിന്റുകളില്‍ യാത്രക്കാരുടെ ഹാന്‍ഡ് ബാഗേജുകള്‍ പരിശോധിക്കാന്‍ അത്യാധുനിക സാങ്കേതിക വിദ്യയിലുള്ള കംപ്യൂട്ടറൈസ്ഡ് ടോമോഗ്രഫി (സിടി) എക്സ്‌റേ മെഷീനുകള്‍ സ്ഥാപിച്ചു. സിടി ഗാന്‍ട്രി ഉപയോഗിച്ചുള്ള പുതിയ ഹൈ- സ്‌കാന്‍ 6040 സിടിഎക്സ് മെഷീന്‍ കണ്‍വെയര്‍ ബെല്‍റ്റിലൂടെ ബാഗേജുകള്‍ സ്ഥിരമായ വേഗത്തില്‍ നീങ്ങാന്‍ അനുവദിക്കും. റിയല്‍- ടൈമില്‍ ഓരോ ബാഗിന്റെയും നൂറുകണക്കിന് ത്രിഡി ഇമേജുകള്‍ എടുക്കാന്‍ കഴിയുന്നതിലൂടെ ബാഗിനുള്ളിലെ സാധനങ്ങള്‍ കൂടുതല്‍ കൃത്യതയോടെ കാണാം.

പുതിയ സാങ്കേതിക വിദ്യ സ്ഥാപിച്ചതോടെ യാത്രക്കാര്‍ക്ക് ഇനി ബാഗിനുള്ളിലെ ഇലക്ട്രോണിക് ഉപകരണങ്ങളും മറ്റും പുറത്തെടുത്ത് കാണിക്കുകയും വേണ്ട. സുരക്ഷാ ചെക്ക് പോയിന്റുകളിലെ സമയവും ലാഭിക്കാം. ഓട്ടമേറ്റഡ് യുവി-സിയോടു കൂടിയ പൂര്‍ണമായും ഓട്ടമേറ്റഡ് റിട്ടേണ്‍ സംവിധാനമായതിനാല്‍ യാത്രക്കാരുടെ പക്കല്‍ എത്തും മുന്‍പേ ട്രേകള്‍ അണുവിമുക്തമാകും. ബാഗേജ് പരിശോധനയ്ക്കായി അത്യാധുനിക സിടി സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന മേഖലയിലെ ആദ്യത്തെ വിമാനത്താവളം ഹമദ് ആണ്.

പുതിയ ബാഗേജ് പരിശോധനാ എക്സ്റേ മെഷീനുകള്‍ കൂടാതെ യാത്രക്കാരെ പരിശോധിക്കാനായി സമ്പര്‍ക്കരഹിത ബോഡി സ്‌കാനറുകളും സ്ഥാപിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x