Currency

അവധി കഴിഞ്ഞു; രാജ്യത്തെ സ്‌കൂളുകള്‍ ഞായറാഴ്ച തുറക്കും

സ്വന്തം ലേഖകന്‍Saturday, September 9, 2017 2:51 pm

ദോഹ: വേനല്‍ അവധിക്കുശേഷം രാജ്യത്തെ സ്‌കൂളുകള്‍ ഞായറാഴ്ച തുറക്കും. രാജ്യത്തെ 189 ഇന്‍ഡിപെന്‍ഡന്റ് സ്‌കൂള്‍, 245 സ്വകാര്യ, കിന്റര്‍ഗാര്‍ട്ടന്‍ എന്നിവിടങ്ങളിലാണ് ക്ലാസുകള്‍ പുനരാരംഭിക്കുന്നത്. ഇത്തവണ 25 പുതിയ സ്‌കൂളുകളും കിന്റര്‍ഗാര്‍ട്ടനുകളുമാണ് തുറക്കുന്നത്. മൂന്നുലക്ഷത്തോളം വിദ്യാര്‍ഥികളാണ് പുതിയ അധ്യയനവര്‍ഷത്തിലേക്ക് പ്രവേശിക്കുന്നത്. സീറ്റ് പരിമിതിയെ തുടര്‍ന്ന് ഏതാനും ഇന്ത്യന്‍ സ്‌കൂളുകള്‍ക്ക് ഇത്തവണ കൂടുതല്‍ സീറ്റും മന്ത്രാലയം അനുവദിച്ചിട്ടുണ്ട്.

അതേസമയം 38ഓളം സ്വകാര്യ, കിന്റര്‍ഗാര്‍ട്ടന്‍ സ്‌കൂളുകള്‍ക്ക് പുതിയ അധ്യയനവര്‍ഷത്തില്‍ ഫീസ് വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കിയത് രക്ഷിതാക്കളെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. ഒന്നുമുതല്‍ 15 ശതമാനംവരെയാണ് ഫീസ് വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. മികച്ച വിദ്യാഭ്യാസം ഉറപ്പാക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം നിരവധി നടപടികളാണ് ഇത്തവണയും സ്വീകരിച്ചിരിക്കുന്നത്. വിദ്യാഭ്യാസ നിലവാരം, ഫീസ്, ഘടന തുടങ്ങി വിദ്യാഭ്യാസ ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ സ്വകാര്യ സ്‌കൂളുകളുടെ തരംതിരിക്കല്‍ ഈ അധ്യയന വര്‍ഷം യാഥാര്‍ഥ്യമാകുമെന്നാണ് സൂചന.

മക്കള്‍ക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം നല്‍കുന്ന സ്‌കൂളുകള്‍ തിരഞ്ഞെടുക്കാന്‍ പുതിയ സംവിധാനം രക്ഷിതാക്കള്‍ക്ക് ഏറെ പ്രയോജനകരമാകും. ഇത്തവണ സ്‌കൂള്‍ അവധിക്കിടെ നിരവധി പുതിയ റോഡുകളും തുരങ്കപാതകളും തുറന്നതിനാല്‍ ഗതാഗത കുരുക്കിന് വലിയ ശമനുണ്ടാകും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x