Currency

റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഒരു വര്‍ഷത്തിനിടെ 29 ശതമാനം ഇടിവ്

സ്വന്തം ലേഖകന്‍Monday, January 2, 2017 11:54 am

കുവൈത്ത് സിറ്റി: കുവൈത്തില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഒരു വര്‍ഷത്തിനിടെ 29 ശതമാനം ഇടിവുണ്ടായതായി റിപ്പോര്‍ട്ട്. 2016 നവംബര്‍ വരെയുള്ള കണക്കാണിത്. 2015 നവംബറുമായി താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞ നവംബറിലെ വസ്തുവില്‍പനയില്‍ 38 ശതമാനം കുറവുണ്ടായെന്നാണ് കുവൈത്ത് ഫിനാന്‍സ് ഹൗസ് (ബൈതക്) റിപ്പോര്‍ട്ടില്‍ പറയുന്നത്. എണ്ണ വിലക്കുറവിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് രാജ്യത്ത് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ തളര്‍ച്ച അനുഭവപ്പെടാന്‍ കാരണം. രാജ്യവ്യാപകമായി പുതിയ കെട്ടിടങ്ങളും സമുച്ചയങ്ങളും ഉയരുന്നുണ്ടെങ്കിലും ആവശ്യക്കാരുടെ കുറവ് കാരണം പലതും കാലിയാണ്.

കഴിഞ്ഞ നവംബറില്‍ 232 മില്യന്‍ ദീനാറിന്റെ വില്‍പനയാണുണ്ടായത്. നവംബറില്‍ പ്രവൃത്തിദിനം മാത്രം കണക്കിലെടുക്കുമ്പോള്‍ പ്രതിദിനം ശരാശരി 10.5 മില്യന്‍ ദീനാറിന്റെ വില്‍പനയുണ്ടായി. ഇത് 2016 വര്‍ഷത്തിന്റെ രണ്ടാം പകുതിയിലെ ഉയര്‍ന്ന നിരക്കാണ്. നിക്ഷേപകരില്‍നിന്ന് ഓഹരി സ്വീകരിച്ചും ബാങ്ക് വായ്പയെടുത്തും വന്‍ കെട്ടിടങ്ങള്‍ പണിതിട്ട് താമസക്കാരെ കിട്ടാതെ പ്രയാസപ്പെടുന്ന അനുഭവമാണ് പലര്‍ക്കുമുള്ളത്.

താമസക്കാരെ കിട്ടാത്തതു കാരണം പാര്‍പ്പിട സമുച്ചയങ്ങള്‍ക്ക് മുകളില്‍ ആവശ്യക്കാരെ തേടിയുള്ള പരസ്യബോര്‍ഡുകള്‍ അടുത്തകാലത്ത് കൂടിയിട്ടുണ്ട്. വന്‍ ലാഭം പ്രതീക്ഷിച്ച് ഭീമമായ തുക ചെലവഴിച്ചിട്ടും മുടക്കുമുതല്‍ തിരിച്ചുപിടിക്കാന്‍ പ്രയാസപ്പെടുകയാണ് പല നിക്ഷേപകരുമെന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ പൊതുചെലവ് വെട്ടിക്കുറച്ചത് വിപണിയിലെ പണമൊഴുക്കിനെ പ്രതികൂലമായി ബാധിച്ചെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x