മക്കയില്‍ ഗതാഗത സൗകര്യം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് റോഡ് വികസനം വരുന്നത്. നഗരത്തിന്റെ എല്ലാ ഭാഗങ്ങളും ട്രെയിന്‍, ബസ് സര്‍വീസുകളുമായി ബന്ധിപ്പിക്കുകയാണ് വികസനത്തിന്റെ ലക്ഷ്യം.
മക്ക: മക്കയില്‍ റോഡ് വികസനത്തിനായി ആയിരക്കണക്കിന് കെട്ടിടങ്ങള്‍ വീണ്ടും പൊളിച്ചു മാറ്റാന്‍ തീരുമാനം. നഷ്ടപരിഹാര സംബന്ധമായ തീരുമാനമായാല്‍ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റി തുടങ്ങും. മക്കയില്‍ ഗതാഗത സൗകര്യം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് റോഡ് വികസനം വരുന്നത്. നഗരത്തിന്റെ എല്ലാ ഭാഗങ്ങളും ട്രെയിന്‍, ബസ് സര്‍വീസുകളുമായി ബന്ധിപ്പിക്കുകയാണ് വികസനത്തിന്റെ ലക്ഷ്യം. റുസൈഫ, അസീസിയ, മആബ്ദ തുടങ്ങിയ ഭാഗങ്ങളിലാണ് പൊളിച്ചു മാറ്റുന്ന കെട്ടിടങ്ങളില്‍ കൂടുതലും.
റോഡുവികസനത്തിനായി മുവ്വായിരത്തോളം കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റേണ്ടി വരുമെന്ന് മക്കാ ചേംബര്‍ പ്രതിനിധി മുഹമ്മദ്സഈദ് അല്‍ ഖുറൈഷി പറഞ്ഞു. പൊളിച്ചു മാറ്റാനുള്ള കെട്ടിടങ്ങളില്‍ ഇതിനകം നമ്പരിട്ടു കഴിഞ്ഞു. കെട്ടിടമുടമകള്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാരത്തെ കുറിച്ച പഠനം നടന്നു കൊണ്ടിരിക്കുകയാണ്. പദ്ധതി പൂര്‍ത്തിയായാല്‍ ഹജ്ജ് ഉംറ തീര്‍ഥാടകര്‍ക്കും മക്കാ നിവാസികള്‍ക്കും നഗരത്തില്‍ സഞ്ചാരസൗകര്യം വന്‍ തോതില്‍ വര്‍ദ്ധിക്കും.
ഇതിനു പുറമേ മക്കയിലെ ഹറം പള്ളിയില്‍ നിന്ന് മിനായിലെക്ക് പുതിയ തുരങ്കം, മിന, അറഫ, മുസ്ദലിഫ തുടങ്ങി ഹജ്ജുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ പുതിയ വികസനപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയും വരാനിരിക്കുന്ന പദ്ധതികളാണ്. കൂടാതെ ഹറമൈന്റെയിലുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളും മക്കയില്‍ അന്തിമഘട്ടത്തിലാണ്. പ്രധാനപ്പെട്ട ട്രെയിന്‍ സ്റ്റേഷന്റെ പണി മക്കയില്‍ ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.