Currency

കത്തികാട്ടി കവര്‍ച്ച: മലയാളി ജീവനക്കാരന് പരിക്ക്

സ്വന്തം ലേഖകന്‍Wednesday, June 27, 2018 1:45 pm

ദമ്മാം: ദമ്മാം നഗരത്തില്‍ കത്തികാട്ടി ഭീഷണിപ്പെടുത്തി മലയാളിയായ ബഖാല ജീവനക്കാരനെ പരിക്കേല്‍പിച്ച് പണം കവര്‍ന്നു. ദമ്മാം നഗരത്തില്‍ അല്‍അദാമ ഏരിയയില്‍ വെള്ളിയാഴ്ച രാത്രി നടന്ന സംഭവത്തില്‍ കണ്ണൂര്‍, മയ്യില്‍ സ്വദേശി മൂസക്കുട്ടിയാണ് കവര്‍ച്ചാ സംഘത്തിന്റെ ആക്രമണത്തിനിരയായത്. ബഖാലയിലെ പണം കൊള്ളയടിക്കുകയും ചെയ്തു.

രാത്രി 11.30 ഓടെയാണ് അറബ് വംശജനെന്ന് തോന്നിക്കുന്ന യുവാവ് കത്തിയുമായി കടയിലെത്തിയത്. കടയില്‍ ഓടിക്കയറിയ യുവാവ് പണം ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പെട്ടെന്ന്, പണം സൂക്ഷിച്ച കൗണ്ടറിലേക്ക് കയറിവരുകയും കത്തിവീശുകയുമായിരുന്നു. കത്തി തട്ടി കഴുത്തില്‍ പരിക്കേറ്റു. ഉടന്‍ തന്നെ പണം കവരുകയും പുറത്ത് നിര്‍ത്തിയിട്ട സുനാത്ത കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന സഹായിയടക്കം രണ്ടില്‍ കൂടുതല്‍ പേര്‍ കവര്‍ച്ചാ സംഘത്തില്‍ ഉള്ളതായാണ് നിഗമനം. മുഖം മറച്ചെത്തിയ കവര്‍ച്ചാ സംഘമുള്‍പ്പെടെ കവര്‍ച്ചയുടെ ദൃശ്യങ്ങള്‍ കടയിലെ സി.സി.ടി.വി കാമറയില്‍ പതിഞ്ഞിട്ടുണ്ട്.

പരിക്കേറ്റ മൂസക്കുട്ടിയെ റെഡ്ക്രസിന്റിന്റെ സഹായത്തോടെ ആംബുലന്‍സിലാണ് ആശുപത്രിയിലെത്തിച്ചത്. കഴുത്തിന്റെ വലതു ഭാഗത്തേറ്റ മുറിവിന് ഏതാനും തുന്നലുകളുണ്ട്. പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x