
മസ്‌കത്ത്: മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്ക് ഇനി വിവിധ പിഴകള്‍ അടക്കുന്നതിന് കൗണ്ടറില്‍ ക്യൂ നില്‍ക്കേണ്ടതില്ല. പിഴയടക്കാനും അന്വേഷണങ്ങള്‍ക്കും ഇലക്‌ട്രോണിക് രീതിയില്‍ സാധ്യമാകുന്ന ഇലക്‌ട്രോണിക് കിയോസ്‌ക് ഉപകരണങ്ങള്‍ റോയല്‍ ഒമാന്‍ പൊലീസ് ഒമാന്‍ അറബ് ബാങ്കുമായി ചേര്‍ന്ന് വിമാനത്താവളത്തില്‍ സ്ഥാപിച്ചു. ട്രാഫിക് പിഴകള്‍, ജി.സി.സി പിഴകള്‍, മുനിസിപ്പാലിറ്റി നിയമ ലംഘനങ്ങള്‍ക്കുള്ള പിഴകള്‍ എന്നിവ ഇതുവഴി അടക്കാന്‍ സാധിക്കും.
പൊതുജനങ്ങള്‍ക്കുള്ള സേവനങ്ങള്‍ സുഗമമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം സ്ഥാപിച്ചിരിക്കുന്നതെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. മൂന്ന് ഉപകരണങ്ങള്‍ ഇതിനകം സ്ഥാപിച്ചിട്ടുണ്ട്. ഒന്ന് ഡിപ്പാര്‍ച്ചര്‍ കെട്ടിടത്തിന്റെ ആദ്യ ഹാളിലും രണ്ടാമത്തേത് വിസ കാന്‍സലേഷന്‍ ഹാളിലും മൂന്നാമത്തേത് പാസ്‌പോര്‍ട്ട് കൗണ്ടറുകള്‍ക്കും ഇ-ട്രാവല്‍ ഗേറ്റുകള്‍ക്കും സമീപമാണ്.
വിദേശികള്‍ക്ക് ഇതില്‍ സിവില്‍ ഐഡിയിലെ നമ്പര്‍ നല്‍കിയാല്‍ മതി. അതേസമയം ടൂറിസ്റ്റ്, വിസിറ്റിങ് വിസകളിലുള്ളവര്‍ക്ക് വിസാ നമ്പര്‍ നല്‍കിയാല്‍ പിഴയെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ കഴിയും. കാഷ് പേയ്‌മെന്റുകളും കാര്‍ഡ് ഉപയോഗിച്ചുള്ള പേയ്‌മെന്റുകളും ഇതില്‍ സാധ്യമാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.