Currency

അന്താരാഷ്ട്ര സര്‍വീസിനൊരുങ്ങി സൗദി എയര്‍ലൈന്‍സ്; ഇന്ത്യയില്‍ നിന്നുള്ള സര്‍വീസിന് അനുകൂല തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയില്‍ എംബസി

സ്വന്തം ലേഖകന്‍Friday, January 29, 2021 5:59 pm

റിയാദ്: അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് നീങ്ങാനിരിക്കെ യാത്രക്ക് സജ്ജമായി സൗദി എയര്‍ലൈന്‍സ്. സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുമായി സഹകരിച്ചാണ് ഇതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. യാത്രാവിലക്ക് നേരിടുന്ന രാജ്യങ്ങളിലേക്കുള്ള സര്‍വീസ് സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല. ഇന്ത്യയില്‍ നിന്നുള്ള സര്‍വീസ് സംബന്ധിച്ച് മാര്‍ച്ചിന് മുന്നോടിയായി അനുകൂല തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് എംബസി.

നിലവില്‍ വിവിധ രാജ്യങ്ങളുമായി എയര്‍ ബബ്ള്‍ കരാര്‍ അടിസ്ഥാനത്തിലാണ് സര്‍വീസുകള്‍. കോവിഡ് യാത്രാ നിരോധനം നീക്കി സര്‍വീസുകള്‍ സാധാരണ നിലയിലാവുക മാര്‍ച്ച് 31 മുതലാണ്. ഇതിനു മുന്നോടിയായാണ് സൗദി അറേബ്യയുടെ ഔദ്യോഗിക എയര്‍ലൈന്‍സായ സൗദിയ തയ്യാറെടുപ്പ് പൂര്‍ത്തിയാക്കിയത്.

ഷെഡ്യൂള്‍ വിവരങ്ങള്‍ക്ക് എയര്‍ലൈന്‍സിന്റെ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളും വെബ്‌സൈറ്റുകളും വരും ദിനങ്ങളില്‍ പരിശോധിക്കാമെന്ന് സൗദിയ അറിയിച്ചു. ഇതിനിടെ, കോവിഡ് കേസുകള്‍ വര്‍ധിച്ച ചില രാജ്യങ്ങളിലേക്ക് യാത്രാ നിരോധം തുടരുകയാണ്. ഇത് സംബന്ധിച്ച തീരുമാനം ആരോഗ്യ മന്ത്രാലയവും സിവില്‍ ഏവിയേഷന്‍ അതോരിറ്റിയും പരിശോധിച്ചാണ് തീരുമാനമെടുക്കുക.

ഇന്ത്യയിലേക്കുള്ള യാത്രാ വിലക്ക് നീക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇന്ത്യന്‍ അംബാസിഡര്‍ സൗദി ആരോഗ്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സൗദിയിലേക്കുള്ള പ്രവാസികളുടെ വിമാനയാത്രക്ക് അനുമതി വേണമെന്ന ആവശ്യത്തില്‍ സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം കാത്തിരിക്കുകയാണ് എംബസി. അനുകൂല തീരുമാനമുണ്ടായാല്‍ മാര്‍ച്ചിന് മുന്നേ ഇന്ത്യയിലേക്ക് സര്‍വീസുകളുണ്ടാകും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x