Currency

സൗദിയില്‍ 18 വയസ് പൂര്‍ത്തിയാകുന്നതിന് മുമ്പുള്ള വിവാഹം നിരോധിച്ചു

സ്വന്തം ലേഖകന്‍Tuesday, December 24, 2019 10:48 am

റിയാദ്: 18 വയസ് പൂര്‍ത്തിയാകുന്നതിന് മുമ്പുള്ള വിവാഹം സൗദി അറേബ്യ നിരോധിച്ചു. പ്രായപൂര്‍ത്തി വിവാഹത്തിനുള്ള ഏറ്റവും കുറഞ്ഞ പ്രായമായി 18 എന്ന് നിജപ്പെടുത്തിയും സൗദി നീതി മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ബാധകമാണ് ഈ നിയമം. വിവാഹം കഴിക്കുന്നതിനുള്ള അനുമതി തേടിയെത്തുന്ന എല്ലാ അപേക്ഷകളും ശിശു സംരക്ഷണ നിയമം കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിക്ക് കൈമാറണം.

സൗദി പ്രസ് ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പുള്ള വിവാഹം നിരോധിച്ച് നീതി മന്ത്രാലയവും സുപ്രീം ജുഡീഷ്യല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ശൈഖ് ഡോ. വലീദ് അല്‍സമാനിയും രാജ്യത്തെ മുഴുവന്‍ കോടതികള്‍ക്കും സര്‍ക്കുലര്‍ അയച്ചു. പ്രായപൂര്‍ത്തിയായെന്ന് കോടതി ഉറപ്പുവരുത്തിയ രേഖയുടെ അടിസ്ഥാനത്തില്‍ മാത്രമേ വിവാഹം നടത്താന്‍ പാടുള്ളൂ എന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. സൗദി ശിശു സംരക്ഷണ നിയമം 16ാം അനുഛേദത്തിലെ മൂന്നാം ഖണ്ഡികയില്‍ 18 വയസില്‍ താഴെയുള്ള വിവാഹത്തെ കുറിച്ച് വിവരിക്കുന്ന ഭാഗത്തെ അടിസ്ഥാനമാക്കിയാണ് നീതി മന്ത്രാലയം പുതിയ നിയമം രൂപപ്പെടുത്തിയത്.

നിയമലംഘനത്തിന് കടുത്ത ശിക്ഷയും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. സൗദി അറേബ്യയില്‍ വിവാഹങ്ങള്‍ സാധുവാകാന്‍ കോടതിയാണ് അനുമതി നല്‍കേണ്ടത്. അതിന് വേണ്ടി അപേക്ഷ നല്‍കുമ്പോഴാണ് വിവാഹം കഴിക്കുന്നയാളുടെ പ്രായപൂര്‍ത്തി പരിശോധിക്കണമെന്ന് പുതിയ ഉത്തരവ് പറയുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x