റിയാദ്: സൗദി അറേബ്യയില്‍ രണ്ടാമത്തെ കൊറോണ വൈറസായ കോവിഡ് 19 രോഗ ബാധ സ്ഥിരീകരിച്ചു. ഇറാനില്‍ നിന്നും ബഹ്‌റൈന്‍ വഴിയെത്തിയ സ്വദേശി പൗരനാണ് കൊറോണ സ്ഥിരീകരിച്ചത്. ആദ്യം കൊറോണ സ്ഥിരീകരിച്ച ആള്‍ക്കൊപ്പമാണ് ഇയാളും എത്തിയത്. നേരത്തെ ആദ്യത്തെ കൊറോണ സ്ഥിരീകരിച്ച ആളുമായി സമ്പര്‍ക്കം പുലര്‍ത്തിയ 70ല്‍ 51 പേരുടെ പരിശോധനാ ഫലങ്ങളും നെഗറ്റീവായിരുന്നു. പുതിയ കൊറോണ സ്ഥിരീകരിച്ചതോടെ ജാഗ്രതയിലാണ് രാജ്യം.
ഇതിനിടെ കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി മക്കയിലേക്ക് ആഭ്യന്തര തീര്‍ഥാടകര്‍ക്കും പ്രവേശന നിരോധനമേര്‍പ്പെടുത്തി. ആഭ്യന്തര മന്ത്രാലയമാണ് പ്രവേശനം താല്‍ക്കാലികമായി നിരോധിച്ചത്. രാജ്യത്തിന് പുറത്ത് നിന്നുള്ള ഉംറ തീര്‍ഥാടനം കഴിഞ്ഞയാഴ്ച മുതല്‍ നിര്‍ത്തി വെച്ചിട്ടുണ്ട്. ഇതോടെ മക്കയിലേക്ക് ഉംറക്കും മദീനയിലേക്ക് സന്ദര്‍ശനത്തിനും വിദേശികള്‍ക്കും സ്വദേശികള്‍ക്കും പ്രവേശിക്കാനാകില്ല. അതേസമയം, മക്കയിലും മദീനയിലും താമസിക്കുന്നവര്‍ക്ക് പ്രവേശനത്തിന് തടസ്സങ്ങളൊന്നുമുണ്ടാകില്ല.
എന്നാല്‍ എത്ര ദിവസത്തേക്കാണ് നിയന്ത്രണം എന്ന് വ്യക്തമാക്കിയിട്ടില്ല. നിരീക്ഷണത്തിന് ശേഷം നിയന്ത്രണം നീക്കുമെന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. മക്കയിലും മദീനയിലുമായി നിലവില്‍ രണ്ട് ലക്ഷത്തിലേറെ തീര്‍ഥാടകരുണ്ട്. ഇവര്‍ക്ക് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി മടങ്ങാം. അതേസമയം പുതിയ ഒരാളേയും ഉംറ കര്‍മത്തിനായി ഹറമിലോ ഹറം പരിധിയിലോ അനുവദിക്കില്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.