
റിയാദ്: സൗദിയില്‍ വിദേശികള്‍ക്ക് പ്രീമിയം റസിഡന്റ് പെര്‍മിറ്റായ സ്ഥിരം ഇഖാമ അനുവദിച്ചു തുടങ്ങി. ഇന്ത്യയടക്കം 19 രാജ്യങ്ങളില്‍ നിന്നുള്ള 73 പേര്‍ക്കാണ് ഇഖാമ അനുവദിച്ചത്. പ്രീമിയം ഇഖാമ ലഭിക്കുന്ന വിദേശികള്‍ക്ക് ഇഷ്ടാനുസരണം വീടുകളും വാഹനങ്ങളും സ്വന്തം പേരില്‍ വാങ്ങാനും സ്വകാര്യ സ്ഥാപനങ്ങളില്‍ തൊഴില്‍ ചെയ്യാനും സാധിക്കും. സൗദിയില്‍ സ്വദേശികള്‍ക്കു തുല്യമായി ബിസിനസ്, നിക്ഷേപ മേഖലകളില്‍ വിദേശികള്‍ക്ക് അവസരമൊരുക്കുന്ന ഗ്രീന്‍ കാര്‍ഡിന് തുല്യമായ സ്ഥിരം ഇഖാമയാണ് വിതരണം ചെയ്തു തുടങ്ങിയത്. സൗദിയില്‍ കഴിയുന്നവരും വിദേശത്തു കഴിയുന്നവരും സ്ഥിരം ഇഖാമ ലഭിച്ചവരിലുണ്ട്.
27 രാജ്യക്കാരില്‍ നിന്ന് സ്ഥിരം ഇഖാമയ്ക്കു അപേക്ഷ ലഭിച്ചതായി പ്രീമിയം റസിഡന്‍സി സെന്റര്‍ സി.ഇ.ഒ ബന്ദര്‍ അല്‍ ആയിദ് പറഞ്ഞു. സ്ഥിരം ഇഖാമ ലഭിച്ചവര്‍ക്ക് സൗദി പൗരത്വത്തിനു അവകാശമുണ്ടാകില്ല. എന്നാല്‍ സ്പോണ്‍സര്‍ ഇല്ലാതെതന്നെ സൗദിയില്‍ ജോലി ചെയ്യുന്നതിനും നിക്ഷേപങ്ങള്‍ നടത്താനും ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിനും കഴിയും. ഇവര്‍ക്ക് സ്വദേശികളെപോലെ യദേഷ്ടം സൗദിയില്‍ നിന്ന് പുറത്തു പോകാനും തിരികെയെത്താനും കഴിയും. കൂടാതെ ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനും ബന്ധുക്കള്‍ക്ക് വിസിറ്റ് വിസ എടുക്കുന്നതിനും സാധിക്കും.
ആജീവനാന്ത കാലത്തേക്കുള്ള സ്ഥിരം ഇഖാമയ്ക്കു ഒറ്റതവണയായി എട്ടു ലക്ഷം റിയാല്‍ ആണ് ഫീസ്. ഒരു വര്‍ഷം കാലാവധിയുള്ള പ്രീമിയം ഇഖാമയ്ക്കു ഒരു ലക്ഷം റിയാലുമാണ് ഫീസ്. ഇത് വര്‍ഷാവര്‍ഷം പുതുക്കാന്‍ കഴിയും. സ്ഥിരം ഇഖാമയ്ക്കു അപേക്ഷിക്കുന്നവര്‍ക്ക് 21 വയസില്‍ കുറയാനും കുറ്റകൃത്യങ്ങളില്‍പ്പെട്ടവരാകാനും പാടില്ലെന്ന് വ്യവസ്ഥയുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.