
റിയാദ്: സൗദി അറേബ്യ അടച്ചിട്ട എല്ലാ അതിര്‍ത്തികളും തുറന്നു. വിമാനങ്ങളില്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും വീണ്ടും സൗദിയിലെത്താം. ജനിതക മാറ്റം സംഭവിച്ച കോവിഡ് ഭീതിയെ തുടര്‍ന്നാണ് സൗദി അറേബ്യ അതിര്‍ത്തികള്‍ അടച്ചത്. ഇതുവരെ സൗദിയില്‍ ഈ ഗണത്തില്‍ കേസുകളൊന്നും സ്ഥിരീകരിച്ചിട്ടില്ല. അതിനാല്‍ രണ്ടാഴ്ചക്ക് ശേഷം സൗദിയിലേക്ക് വിദേശികള്‍ക്കും സ്വദേശികള്‍ക്കും മടങ്ങാം. ജനിതക മാറ്റം സംഭവിച്ച കോവിഡ് സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ സൗദിയില്‍ പ്രവേശിക്കുമ്പോള്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഇതിന് ശേഷം 14 ദിവസം ക്വാറന്റൈനില്‍ കഴിയണം. 14 ദിവസത്തിനുള്ളില്‍ രണ്ട് തവണ ടെസ്റ്റ് നടത്തി നെഗറ്റീവാണെന്ന് ഉറപ്പ് വരുത്തണം.
ബാക്കിയുള്ള എല്ലാ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ നിലവിലുള്ള പ്രോട്ടോകോള്‍ പാലിക്കണം. ഏഴ് ദിവസം ക്വാറന്റൈനില്‍ തുടരുക, അല്ലെങ്കില്‍ മൂന്ന് ദിവസത്തിന് ശേഷം പിസിആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവാണെന്ന് തെളിയിക്കുക. ഇത് പാലിച്ച് പ്രവാസികള്‍ക്ക് പുറത്തിറങ്ങാം. എന്നാല്‍ ഇന്ത്യയില്‍ നിന്നും വിമാനങ്ങള്‍ നേരിട്ട് സര്‍വീസ് നടത്തുന്നത് സംബന്ധിച്ച് അവ്യക്തത തുടരുകയാണ്. യാത്രാ നിരോധ പട്ടികയില്‍ നിന്നും ഇന്ത്യയെ നീക്കിയാല്‍ മാത്രമേ പ്രവാസികള്‍ക്ക് നേരിട്ട് സൗദിയിലെത്താനാകൂ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.