റിയാദ്: സൗദിയില്‍ സൗജന്യ വൈഫൈ പോയിന്റുകള്‍ രാജ്യമൊട്ടാകെ വ്യാപിപ്പിക്കുന്ന പദ്ധതി ആരംഭിച്ചു. അറുപതിനായിരം പുതിയ വൈഫൈ പോയിന്റുകളാണ് സ്ഥാപിക്കുന്നത്. പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ മക്കയിലേയും മദീനയിലേയും ഹറമുകള്‍, പുണ്യസ്ഥലങ്ങള്‍, ഹോസ്പിറ്റലുകള്‍, ഷോപ്പിംഗ് മാളുകള്‍, പൊതുസ്ഥലങ്ങള്‍, പാര്‍ക്കുകള്‍, പ്രധാന നഗരങ്ങള്‍, തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വൈഫൈ വഴി സൗജന്യ ഇന്റര്‍നെറ്റ് സേവനം ലഭ്യമാകും. ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി.
രാജ്യത്തെ വിമാനത്താവളങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങിയ പ്രാധന സ്ഥലങ്ങളിലെല്ലാം നിലവില്‍ വൈഫൈ സേവനം ലഭ്യമാണ്. ഇത് രാജ്യവ്യാപകമായി നടപ്പിലാക്കുന്നതിനുളള നടപടികളാണ് ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്. രാജ്യത്ത് പ്രവര്‍ത്തിച്ച് വരുന്ന ടെലികമ്മ്യൂണിക്കേഷന്‍സ് സേവന ദാതാക്കളുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് കമ്മ്യൂണിക്കേഷന്‍ ആന്റ് ഐ.ടി കമ്മീഷന്‍ അറിയിച്ചു.
എവിടെയെല്ലാം വൈഫൈ പോയിന്റുകള്‍ ലഭ്യമാണെന്ന് ഉപഭോക്താക്കള്‍ക്ക് മനസ്സിലാക്കുന്നതിനായി ടെലികോം കമ്പനികളുടെ വെബ് സൈറ്റ് വഴിയോ മൊബൈല്‍ ആപ്പ് വഴിയോ മാപ്പുകള്‍ പ്രസിദ്ധപ്പെടുത്തും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.