
റിയാദ്: സൗദിയില്‍ പുതുതായി ഏര്‍പ്പെടുത്തിയ ടൂറിസം വിസ ഏപ്രില്‍ മുതല്‍ അനുവദിച്ചു തുടങ്ങും. രാജ്യത്തെ ടൂറിസം രംഗത്ത് കൂടുതല്‍ കരുത്തേകുന്ന പുതിയ തീരുമാനത്തിനുള്ള ഒരുക്കങ്ങള്‍ ഏതാനും മാസങ്ങള്‍ക്കു മുന്‍പാണ് അധികൃതര്‍ ആരംഭിച്ചത്. നിലവില്‍ ഹജ്ജ്, ഉംറ തീര്‍ഥാടനത്തിനും ബിസിനസ് ആവശ്യങ്ങള്‍ക്കും വ്യക്തിഗത സന്ദര്‍ശനങ്ങള്‍ക്കും സൗദിയില്‍ വിസയനുവദിക്കുന്നുണ്ടെങ്കിലും ആദ്യമായാണ് വിനോദ സഞ്ചാരത്തിന് മാത്രമായി പ്രത്യേക അംഗീകൃത വിസയനുവദിക്കുന്നത്.
അതേസമയം കടുത്ത നിബന്ധനകള്‍ക്ക് വിധേയമായി മാത്രമേ വിസ അനുവദിക്കുകയുള്ളൂ. അംഗീകൃത ഗ്രൂപ്പ് ഓപ്പറേറ്റര്‍മാര്‍ വഴി ചുരുങ്ങിയത് നാല് പേരെങ്കിലും ഉള്‍കൊള്ളുന്ന ഗ്രൂപ്പ് വിസകളാണ് അനുവദിക്കുക. എന്നാല്‍ ഒറ്റയ്ക്ക് സൗദി അറേബ്യ സന്ദര്‍ശിക്കുന്നതിന് വിദേശ വിനോദ സഞ്ചാരികള്‍ക്ക് വിസ അനുവദിക്കില്ല. ഗ്രൂപ്പായി മാത്രമേ വിസ അനുവദിക്കുകയുള്ളൂ. വനിതകള്‍ക്ക് വിസ അനുവദിക്കുന്നതിന് നിരവധി നിര്‍ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.
മുപ്പതു വയസ്സില്‍ കുറവുള്ള വനിതകള്‍ക്ക് അടുത്ത ബന്ധുവിന് (മഹ്റം) ഒപ്പമല്ലാതെ വിസ അനുവദിക്കുകയില്ല. മുപ്പതു വയസ്സ് കഴിഞ്ഞ വനിതകള്‍ക്ക് മഹ്റം ആവശ്യമില്ലെങ്കിലും ടൂറിസം ഗ്രൂപ്പിനോടൊപ്പം വിസ അനുവദിക്കും. വിനോദ സഞ്ചാര ഗ്രൂപ്പ് സന്ദര്‍ശിക്കുന്ന പ്രദേശങ്ങള്‍, സഞ്ചരിക്കുന്ന റൂട്ടുകള്‍, സമയക്രമം എന്നിവയെല്ലാം മുന്‍കൂട്ടി ഓണ്‍ലൈന്‍ വഴി സമര്‍പ്പിച്ചാണ് ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നും ഗ്രൂപ്പിനുള്ള അനുമതി നേടേണ്ടത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.