
റിയാദ്: സൗദി അറബ്യയിലെ പ്രമുഖ ബാങ്കുകളായ നാഷണല്‍ കൊമേര്‍ഷ്യല്‍ ബാങ്കും റിയാദ് ബാങ്കും ലയിക്കുന്നു. ലയനം സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ചതായി ഇരു ബാങ്കുകളും ഔദ്യോഗികമായി പ്രഖ്യാപിച്ചു. സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റിയുടെ അംഗീകാരം ലഭിക്കുന്നതോടെ ലയനം പൂര്‍ത്തിയാവും.
ഇരു സ്ഥാപനങ്ങള്‍ക്കും അനിയോജ്യമായ രീതിയില്‍ ലയന നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് ബാങ്കുകള്‍ ഔദ്യോഗിക പ്രസ്താവനകളും ഇറക്കി. രാജ്യത്തെ ബാങ്കുകളുടെ മേല്‍നോട്ടം വഹിക്കുന്ന സൗദി അറേബ്യന്‍ മോണിറ്ററി അതോരിറ്റിയുടെയും സര്‍ക്കാരിന്റെ ബന്ധപ്പെട്ട മന്ത്രാലയത്തിന്റെയും അനുമതിയോടെയായിരിക്കും ലയനം. എന്നാല്‍ ലയനം എന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്നതിനെക്കുറിച്ച് വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
ഇരു ബാങ്കുകളിലുമുള്ള നിലവിലെ ഉദ്യോഗസ്ഥരുടെ ജോലിസുരക്ഷയെ ലയനം ഒരു നിലക്കും ബാധിക്കില്ലെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടുണ്ട്. ലയന ചര്‍ച്ചകളുടെ പുരോഗതി യഥാസമയം പുറത്തുവിടും. ബാങ്ക് ഓഹരി ഉടമകളെയും വിവരങ്ങള്‍ അറിയിക്കും. നിലവില്‍ നാഷണല്‍ കൊമേര്‍ഷ്യല്‍ ബാങ്കില്‍ 64.6 ശതമാനവും റിയാദ് ബാങ്കില്‍ 47.7 ശതമാനവും സര്‍ക്കാര്‍ ഓഹരികളാണ്. പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട്, പബ്ലിക് പെന്ഷന് ഏജന്‍സി, ജനറല്‍ ഓര്ഗനൈസേഷന് ഫോര്‍ സൗദി ഇന്‍ഷുറന്‍സ് എന്നീ 3 സര്‍ക്കാര്‍ സ്ഥാപനങ്ങളാണ് ഇരു ബാങ്കുകളിലെയും ഏറ്റവും വലിയ ഓഹരി ഉടമകള്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.