Currency

പ്രവാസികള്‍ക്ക് തിരിച്ചടി; സൗദിയില്‍ പ്രതിദിനം തൊഴില്‍ നഷ്ടമാകുന്നത് ആയിരത്തി അഞ്ഞൂറോളം വിദേശികള്‍ക്ക്

സ്വന്തം ലേഖകന്‍Thursday, October 24, 2019 11:46 am

റിയാദ്: സൗദിയില്‍ പ്രതിദിനം ആയിരത്തി അഞ്ഞൂറോളം വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നതായി കണക്ക്. ഈ വര്‍ഷം രണ്ടാം പാദത്തിലെ കണുക്കളാണ് തൊഴില്‍ മന്ത്രാലയത്തിന് കീഴിലെ പ്രത്യേക സമിതി പുറത്ത് വിട്ടത്. ഇതനുസരിച്ച് രണ്ടാം പാദത്തില്‍ മാത്രം ഒന്നര ലക്ഷത്തോളം വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമായി.

സൗദിവല്‍ക്കരണം ഉയര്‍ത്തുക, തൊഴില്‍ വിപണി നിയന്ത്രിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ക്കായി, ഈ വര്‍ഷം ജനുവരി 31ന് ആരംഭിച്ചതാണ് ദേശീയ തൊഴില്‍ നിരീക്ഷണ സമിതിയുടെ പോര്‍ട്ടല്‍. ഈ വര്‍ഷം രണ്ടാം പാദത്തിലെ റിപ്പോര്‍ട്ടനുസരിച്ച്, സ്വകാര്യമേഖലയില്‍ ദിനം പ്രതി ശരാശരി 500ഓളം (492) സ്വദേശികള്‍ തൊഴില്‍ നേടുന്നുണ്ട്.

അതേസമയം ശരാശരി 1500 ഓളം (1468) വിദേശികള്‍ ദിനം പ്രതി തൊഴില്‍ ഉപേക്ഷിക്കുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഈ വര്‍ഷം രണ്ടാം പാദത്തില്‍ ആകെ അര ലക്ഷത്തോളം (44,814) സ്വദേശികള്‍ സ്വകാര്യമേഖലിയില്‍ ജോലി നേടി. അതേ കാലയളവില്‍ സ്വകാര്യമേഖലയില്‍ തൊഴിലുപേക്ഷിച്ച വിദേശികളുടെ എണ്ണം ഒന്നര ലക്ഷത്തോളമാണ്. (133,652). രാജ്യത്തെ 80 ശതമാനം സ്ഥാപനങ്ങളും സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x