Currency

കോവിഡ് 19; സൗദിയില്‍ ഇരു ഹറമുകളിലും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി, പുതിയ തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കില്ല

സ്വന്തം ലേഖകന്‍Wednesday, March 4, 2020 11:13 am

റിയാദ്: സൗദിയില്‍ കോവിഡ് 19 രോഗം സ്ഥിരീകരിച്ചതോടെ ഇരു ഹറമുകളിലും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. നിലവില്‍ മൂന്ന് ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ മക്കിയിലും മദീനയിലുമായി ഉണ്ട്. ഇവരെ ഘട്ടം ഘട്ടമായി സ്വദേശങ്ങളിലേക്ക് തിരിച്ചയക്കുന്ന നടപടി വേഗത്തിലാക്കും. പുതിയ ഉംറ തീര്‍ത്ഥാടകരെ രാജ്യത്തേക്ക് പ്രവേശിപ്പിക്കില്ല. ഹറമുകളിലെത്തുന്ന സന്ദര്‍ശകര്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ പ്രത്യേക വിഭാഗത്തെ നിയോഗിച്ചു. ഇരു ഹറമുകളിലേയും വിവിധ ഭാഗങ്ങള്‍ കൃത്യമായ ഇടവേളകളില്‍ അണുവിമുക്തമാക്കുന്നുണ്ട്.

സുരക്ഷ ഉറപ്പാക്കുന്നതിനായി ഇരുഹറം കാര്യാലയം മേധാവി ഷെയ്ഖ് ഡോ. അബ്ദുല്‍ റഹ്മാന്‍ അല്‍ സുദൈസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് പരിശോധിച്ച് വിലയിരുത്തുന്നുണ്ട്. പ്രതിരോധം ശക്തമാക്കുന്നതിനോടൊപ്പം തീര്‍ത്ഥാടകരുടെ സുരക്ഷക്കും പ്രാധാന്യം നല്‍കുന്നതിനായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നത്. മക്കയിലും മദീനയിലും അതീവ ജാഗ്രതയോടെയാണ് മുന്‍കരുതല്‍ നടപടികള്‍.

ഹറമുകളിലെ പ്രവേശന കവാടങ്ങളിലും, നമസ്‌കാര സ്ഥലങ്ങളിലും കൈകളില്‍ പുരട്ടുന്നതിനുള്ള സ്റ്റെറിലൈസര്‍ സ്ഥാപിച്ചിട്ടുണ്ട്. പരവാതാനികള്‍ കൂടുതല്‍ തവണ മാറ്റുവാനും, പരവതാനികള്‍ കഴുകുമ്പോള്‍ അണുവിമുക്തമാക്കുവാനും നിര്‍ദ്ധേശം നല്‍കിയിട്ടുണ്ട്. കൂടാതെ സംസം ജല വിതരണം അണുവിമുക്തമാക്കുക, വിശ്രമമുറികള്‍ വൃത്തിയാക്കുന്ന എണ്ണം ആറ് തവണയായി വര്‍ധിപ്പിക്കുക, സന്ദര്‍ശകരെ മാസ്‌ക് ധരിക്കുവാന്‍ പ്രേരിപ്പിക്കുക തുടങ്ങി നിരവധി നടപടികളാണ് സ്വീകരിച്ചു വരുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x