Currency

സ്ഥാപനങ്ങള്‍ ‘വാറ്റ്’ സംവിധാനത്തിലേക്ക് മാറാന്‍ സൗദി നിര്‍ദേശം

സ്വന്തം ലേഖകന്‍Friday, November 23, 2018 2:01 pm

റിയാദ്: സൗദിയില്‍ മുന്നേമുക്കാല്‍ ലക്ഷം റിയാലില്‍ കൂടുതല്‍ വരുമാനം പ്രതിവര്‍ഷം നേടുന്ന സ്ഥാപനങ്ങള്‍ മൂല്യവര്‍ധിത നികുതി സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ദേശം. ഡിസംബര്‍ ഇരുപതിന് മുമ്പ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. നിശ്ചിത സമയത്തിനകം വാറ്റ് സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യാത്ത സ്ഥാപനങ്ങള്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കും.

ജനുവരി ഒന്ന് മുതലാണ് സൗദിയില്‍ അഞ്ചു ശതമാനം മൂല്യവര്‍ധിത നികുതി നിലവില്‍ വന്നത്. പത്തു ലക്ഷം റിയാലില്‍ കൂടുതല്‍ വരുമാനമുള്ള സ്ഥാപനങ്ങള്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 20ന് മുമ്പായി നികുതി നിയമത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. പ്രതിവര്‍ഷ വരുമാനം 10 ലക്ഷം റിയാലില്‍ കവിയാത്ത ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ ഡിസംബര്‍ 20നു മുമ്പായി മൂല്യവര്‍ധിത നികുതി സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്താല്‍ മതി.

പ്രതിവര്‍ഷം മൂന്നേമുക്കാല്‍ ലക്ഷം റിയാലില്‍ കൂടുതല്‍ വരുമാനമുള്ള മുഴുവന്‍ സ്ഥാപനങ്ങളും നികുതി നിയമത്തില്‍ രജിസ്റ്റര്‍ ചെയ്യുക നിര്‍ബന്ധമാണ്. ഇതില്‍ കുറവ് വരുമാനമുള്ള സ്ഥാപനങ്ങള്‍ക്ക് നികുതി രജിസ്ട്രേഷന്‍ നിര്‍ബന്ധമല്ല. മൂല്യവര്‍ധിത നികുതി നിലവില്‍വന്ന ശേഷം സകാത്ത്, നികുതി അതോറിറ്റി നടത്തിയ പരിശോധനകളില്‍ നിരവധി സ്ഥാപനങ്ങളുടെ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

പ്രതിവര്‍ഷം നാലു കോടിയിലേറെ റിയാലിന്റെ ഇടപാടുകള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ ഓരോ മാസത്തിലും നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കല്‍ നിര്‍ബന്ധമാണ്. മറ്റുള്ളവര്‍ ഓരോ മൂന്നു മാസത്തിലുമാണ് നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കേണ്ടത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x