
റിയാദ്: സൗദിയില്‍ നിലവിലുള്ള മെഡിക്കല്‍ ഇന്‍ഷുറന്‍സ് കാര്‍ഡുകളുടെ വിതരണം നിര്‍ത്തിവെക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് കൗണ്‍സില്‍ ഓഫ് കോ-ഓപ്പറേറ്റീവ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിര്‍ദേശം നല്കി. സ്മാര്‍ട്ട് ഫോണുകളില്‍ ഡൗണ്‍ലോഡ് ചെയ്യാവുന്ന രീതിയില്‍ പുതിയ കാര്‍ഡുകള്‍ നവീകരിക്കാന്‍ ലക്ഷ്യമിട്ടാണ് ഈ നടപടി. ഈ വര്‍ഷം അവസാനത്തോടെ ഇലക്ട്രോണിക് മെഡിക്കല്‍ കാര്‍ഡിന്റെ ആദ്യഘട്ടം നടപ്പാക്കും.
ഇലക്ട്രോണിക് കാര്‍ഡ് സംവിധാനം വ്യാപിപ്പിക്കാനും സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്ന ഗുണഭോക്താക്കള്‍ക്ക് അത് വിതരണം ചെയ്യുവാനും അധികൃതര്‍ നിര്‍ദേശം നല്കി. എല്ലാ വിഭാഗത്തില്‍പ്പെട്ട മെഡിക്കല്‍ ഇന്‍ഷുറന്‍സ് കാര്‍ഡുകളും പുറത്തിറക്കുന്നത് നിര്‍ത്തി വെക്കാന്‍ നിര്‍ദേശമുണ്ടെങ്കിലും ‘സി’ കാറ്റഗറിയില്‍പ്പെട്ട ഇന്‍ഷുറന്‍സ് കാര്‍ഡുകള്‍ പുറത്തിറക്കുന്നതിന് തടസ്സമില്ല.
നിലവിലെ കാര്‍ഡിനുപകരം സ്മാര്‍ട്ട് ഫോണുകളില്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നരീതിയില്‍ ഇന്‍ഷുറന്‍സ് കാര്‍ഡുകള്‍ സാങ്കേതികമായി നവീകരിക്കും. ഗുണഭോക്താക്കളില്‍നിന്നും മെഡിക്കല്‍ സെന്ററുകളില്‍ നിന്നുമുള്ള പ്രതികരണമനുസരിച്ച് പദ്ധതിയുടെ മറ്റ് ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കും. ഭാവിയില്‍ എല്ലാ കാറ്റഗറിയില്‍പ്പെട്ട ഇന്‍ഷുറന്‍സ് കാര്‍ഡുകളുടെ പുറത്തിറക്കും. ഇലക്ട്രോണിക് കാര്‍ഡുകള്‍ മാത്രമായി ഇവ മാറ്റുമ്പോള്‍ സ്പോണ്‍സറുടെ അനുവാദം വാങ്ങണമെന്ന് നിര്‍ദേശത്തില്‍ പറയുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.