Currency

പ്രവാസികളുടെ ശ്രദ്ധയ്ക്ക്; സൗദിയില്‍ ഇനി ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചാല്‍ കടുത്ത ശിക്ഷ

സ്വന്തം ലേഖകന്‍Sunday, November 4, 2018 11:50 am

റിയാദ്: സൗദി അറേബ്യയില്‍ ട്രാഫിക് നിയമങ്ങള്‍ ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി ട്രാഫിക് നിയമം പരിഷ്‌കരിച്ചു. ഗുരുതര അപകടങ്ങള്‍ വരുത്തുന്നവര്‍ക്കു ഇനിമുതല്‍ കടുത്ത ശിക്ഷ ലഭിക്കും. ആളപായത്തിനും അംഗഭംഗത്തിനും ഇടയാക്കുന്ന വാഹനാപകടങ്ങള്‍ക്കു കരണക്കാരാകുന്ന ഡ്രൈവര്‍മാര്‍ക്ക് നാല് വര്‍ഷം വരെ തടവും രണ്ടു ലക്ഷം റിയാല്‍ വരെ പിഴയുമാണ് പരിഷ്‌കരിച്ച ട്രാഫിക് നിയമം വ്യവസ്ഥ ചെയ്യുന്നത്. ഗതാഗത നിയമ ലംഘനത്തിന് പിഴ ചുമത്തിയതായി അറിയിപ്പ് ലഭിച്ചു ആറു മാസം കഴിഞ്ഞിട്ടും പിഴ അടയ്ക്കാത്ത പക്ഷം അത്തരക്കാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും. ഗതാഗത നിയമ ലംഘനത്തിന് ചുമത്തുന്ന പിഴ 20,000 റിയാലില്‍ എത്തുന്ന പക്ഷം നിയമ ലംഘകര്‍ക്കെതിരായ കേസുകള്‍ പ്രത്യേക കോടതിക്ക് കൈമാറും.

പിഴ ഒടുക്കുന്നതുവരെ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നുള്ള സേവനങ്ങളും വിലക്കും. വാഹനങ്ങളില്‍ നിന്ന് പുറത്തേക്കു മാലിന്യങ്ങള്‍ വലിച്ചെറിയല്‍, കാലാവധി തീര്‍ന്ന ലൈസന്‍സ് ഉപയോഗിച്ച് വാഹനമോടിക്കല്‍, കുട്ടികള്‍ക്കുള്ള സുരക്ഷാ സീറ്റുകള്‍ ഉപയോഗിക്കാതിരിക്കല്‍ എന്നീ നിയമ ലംഘനങ്ങള്‍ക്കു 300 മുതല്‍ 500 റിയാല്‍വരെയാണ് പിഴ. ചുവപ്പു സിഗ്‌നല്‍ മറികടക്കല്‍, കുട്ടികളെ കയറ്റുമ്പോഴും ഇറക്കുമ്പോഴും സ്‌കൂള്‍ ബസുകളെ മറികടക്കല്‍ എന്നീ കുറ്റങ്ങള്‍ക്ക് 3000 മുതല്‍ 6000 റിയാല്‍വരെയാണ് പരിഷ്‌കരിച്ച ട്രാഫിക് പിഴ.

ഓഫാക്കാതെ വാഹനം നിര്‍ത്തി പുറത്തുപോകുന്നതിനും പ്രത്യേകം നിശ്ചയിച്ച സ്ഥലങ്ങളില്‍ കൂടി റോഡു മുറിച്ചു കടക്കുന്ന കാല്‍നട യാത്രക്കാര്‍ക്ക് മുന്‍ഗണന നല്‍കാത്തതിനും 100 മുതല്‍ 150 റിയാല്‍ വരെ പിഴ ലഭിക്കും. പ്രത്യേകം നിശ്ചയിച്ച സ്ഥലങ്ങളില്‍കൂടിയല്ലാതെ റോഡ് മുറിച്ചു കടക്കുന്ന കാല്‍നട യാത്രക്കാര്‍ക്കും ഈ പിഴ ലഭിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x