
റിയാദ്: സൗദിയിലെ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് പ്രോത്സാഹനമായി സല്മാന് രാജാവ് പ്രഖ്യാപിച്ച ലെവി ഇളവിനുള്ള അപേക്ഷകള്‍ ഈമാസം 19 മുതല്‍ സ്വീകരിക്കുമെന്ന് തൊഴില്‍ മന്ത്രാലയം. തൊഴില്‍ മന്ത്രാലയത്തിന്റെ കീഴിലുള്ള ‘തഹ്ഫീസ്’ പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷ സ്വീകരിക്കാന്‍ അഞ്ച് നിബന്ധനകളാണ് മന്ത്രാലയം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
ഓണ്‍ലൈന്‍ വഴി അപേക്ഷ, സ്ഥാപനത്തിന്റെ കൊമേര്‍ഷ്യല്‍ രജിസ്ട്രേഷന് കാലാവധിയുള്ളതായിരിക്കുക, സ്ഥാപനം നിതാഖത്തില്‍ പ്ലാറ്റിനം, പച്ച ഗാനത്തിലായിരിക്കുക, മഞ്ഞ, ചുവപ്പ് ഗണത്തിലാണെങ്കില്‍ സ്വദേശികളെ നിയമിച്ച് പച്ചയിലേക്ക് ഉയരുക, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കുക എന്നിവയാണ് നിബന്ധനകള്‍.
ബാങ്ക് വിവരങ്ങള്‍ നേരത്തെ മന്ത്രാലയത്തിന്റെ പോര്‍ട്ടലില്‍ നല്കിയിട്ടില്ലാത്ത സ്ഥാപനങ്ങള്‍ക്ക് അക്കൗണ്ട് രേഖകള്‍ അറ്റാച്ച് ചെയ്തുകൊണ്ട് വിവരങ്ങള്‍ നല്‍കാവുന്നതാണ്. IBAN ഉള്‍പ്പെടെയുള്ള അക്കൗണ്ട് വിവരങ്ങളാണ് നല്‍കേണ്ടത്. അപേക്ഷ ഫയലില്‍ സ്വീകരിച്ചാല്‍ സ്ഥാപനത്തിന് മൊബൈല്‍ സന്ദേശം ലഭിക്കുമെന്നും മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.