
റിയാദ്: സൗദിയില്‍ സ്വകാര്യമേഖലയിലെ തൊഴിലിടങ്ങളില്‍ പുതിയ പെരുമാറ്റചട്ടം ഇന്ന് മുതല്‍ പ്രാബല്യത്തിലായി. തൊഴിലാളികളുടെ പരാതികളില്‍ പരിഹാരം കാണാത്ത സ്ഥാപനങ്ങള്‍ക്ക് പിഴചുമത്തുമെന്ന് മന്ത്രാലയം അറിയിച്ചു. സ്വകാര്യ മേഖലയില്‍ തൊഴിലാളികളുടെ സ്വകാര്യതയും സ്വാതന്ത്ര്യവും അവകാശങ്ങളും സംരക്ഷിക്കുന്നതാണ് പുതിയ വ്യവസ്ഥകള്‍.
കഴിഞ്ഞ മാസമാണ് തൊഴില്‍ സാമൂഹിക വികസന മന്ത്രി എന്‍ജിനീയര്‍ അഹ്മ്മദ് ബിന്‍ സുലൈമാന്‍ അല്‍റാജിഹി ഇതിന് അംഗീകാരം നല്‍കിയത്. തൊഴിലാളികളെ മാനസികമായോ, ശാരീരികമായോ, സാമ്പത്തികമായോ ചൂഷണം ചെയ്യല്‍, ഭീഷണിപ്പെടുത്തല്‍, അസഭ്യം പറയല്‍, അപമാനിക്കല്‍, സംഘര്‍ഷമുണ്ടാക്കല്‍, വിവേചനം കാണിക്കല്‍ ലൈംഗികായി ഉപദ്രവിക്കല്‍, തുടങ്ങി തൊഴിലാളിക്ക് പ്രയാസങ്ങളുണ്ടാക്കുന്ന കാര്യങ്ങളെല്ലാം പുതിയ ചട്ടപ്രകാരം ശിക്ഷാര്‍ഹമായ കുറ്റകൃത്യമാണ്.
തൊഴിലാളികളുടെ ഇത്തരം പരാതികളില്‍ അന്വോഷണം നടത്തുന്നതിന് പ്രത്യേക കമ്മറ്റി രൂപീകരിക്കാത്ത സ്ഥാപനങ്ങള്‍ക്ക് 15,000 റിയാല്‍ പിഴ ചുമത്തും. പരാതികളില്‍ 5 പ്രവര്‍ത്തി ദിവസങ്ങള്‍ക്കുള്ളില്‍ അന്വോഷണം പൂര്‍ത്തീകരിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണം. ഇതില്‍ വീഴ്ചവരുത്തുന്ന സ്ഥാപനങ്ങള്‍ക്ക് 25,000 റിയാലാണ് പിഴ. പരാതിക്കാരായ തൊഴിലാളികളുടെ എണ്ണത്തിനനുസൃതമായി പിഴയും വര്‍ധിക്കും. അതിക്രമങ്ങളെ സഹായിക്കുന്നതും തൊഴിലാളികളുടെ പരാതികള്‍ മറച്ച് വെക്കുന്നതും കുറ്റകരമാണെന്ന് മന്ത്രാലയം അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.