റിയാദ്: ദീര്‍ഘകാല തൊഴില്‍ കരാര്‍ നടപ്പിലാക്കന്‍ പദ്ധതിയുള്ളതായി സൗദി തൊഴില്‍ മന്ത്രാലയം. തൊഴില്‍ നിയമത്തിലെ എണ്‍പത്തിമൂന്നാം ഖണ്ഡിക ഭേദഗതി വരുത്തി പദ്ധതി നടപ്പിലാക്കാനാണ് ആലോചിക്കുന്നതെന്ന് തൊഴില്‍ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി എഞ്ചിനിയര്‍ ഹാനി അല്‍മുഅജ്ജല്‍ പറഞ്ഞു. ദീര്‍ഘകാല തൊഴില്‍ കരാറിനുള്ള സാധ്യതകള്‍ പഠിച്ചു വരികയാണ്. പത്ത് വര്‍ഷം വരെ നീളുന്നതായിരിക്കും പ്രസതുത കരാറെന്നും അദ്ദേഹം വിശദീകരിച്ചു. തൊഴിലാളികള്‍ സ്ഥാപനങ്ങള്‍ മാറിപ്പോകുന്നത് വഴിയുള്ള ദുരുപയോഗം തടയുന്നതിന് ലക്ഷ്യമിട്ടാണ് പുതിയ നീക്കം.
തൊഴിലുടമയുമായി കരാര്‍ അവസാനിപ്പിച്ചാല്‍ പിന്നെ അദ്ദേഹവുമായി മല്‍സരിക്കുന്ന രീതിയില്‍ രണ്ട് വര്‍ഷം വരെ ജോലിയില്‍ ഏര്‍പ്പെടാന്‍ പാടില്ലെന്ന് നിഷ്‌കര്‍ഷിക്കുന്നതാണ് നിലവിലെ എണ്‍പത്തിമൂന്നാം ഖണ്ഡിക. എന്നാല്‍ ഇത് പലപ്പോഴും പാലിക്കപ്പെടുന്നില്ല. തൊഴിലാളിയുടെ മാറ്റത്തോടെ കമ്പനിയുടെ രഹസ്യങ്ങള്‍ ചോരുന്നതായും അത് സ്ഥാപനങ്ങളെ ദോഷകരമായി ബാധിക്കുന്നതായും പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് മാറ്റം കൊണ്ടു വരുന്നത്.
തൊഴിലാളിയുടെ എല്ലാ അവകാശങ്ങളും സംരക്ഷിക്കുന്ന വിധത്തിലായിരിക്കും പത്ത് വര്‍ഷ കരാര്‍ നടപ്പിലാക്കുകയെന്നും തൊഴിലുടമ കരാര്‍ പാലിച്ചില്ലെങ്കില്‍ തൊഴിലാളിക്ക് സ്പോണ്‍സര്‍ഷിപ്പ് മാറാന്‍ അനുവാദമുണ്ടാകുമെന്നും അണ്ടര്‍ സെക്രട്ടറി പറഞ്ഞു. എന്നാല്‍ തൊഴിലാളി കരാര്‍ പാലിക്കാതിരുന്നാല്‍ പിന്നീട് അതേ കമ്പനിയിലേക്ക് മാത്രമേ വരാന്‍ അനുവാദമുണ്ടാകുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.