
റിയാദ്: സൗദിയില്‍ സ്വകാര്യ മേഖലയിലെ സ്വദേശിവല്‍ക്കരണം ഇരുപതു ശതമാനമാനത്തിലെത്തിയതായി റിപ്പോര്‍ട്ട്. ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം സൗദിയില്‍ സ്വകാര്യ മേഖലയിലെ സ്വദേശിവല്‍ക്കരണം 20.3 ശതമാനായി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 1.3 ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്. സ്വകാര്യ മേഖലയില്‍ നിന്നും ഗോസിയില്‍ രജിസ്റ്റര്‍ ചെയ്ത മൊത്തം ജീവനക്കാര്‍ 82.5 ലക്ഷമാണ്. ഇവരില്‍ 16.7 ലക്ഷം പേരാണ് സ്വദേശികള്‍. വിദേശികള്‍ 65.8 ലക്ഷം പേരും.
സ്വദേശി ജീവനക്കാരില്‍ പുരുഷന്മാര്‍ 11.4 ലക്ഷം പേരും സ്ത്രീകള്‍ 5.3 ലക്ഷം പേരുമാണ്. വിദേശി ജോലിക്കാരിലാവട്ടെ പുരുഷന്മാര്‍ 63.6 ലക്ഷവും സ്ത്രീകള്‍ 2.18 ലക്ഷവുമാണ്. സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനായി കൊണ്ടുവന്ന വിവിധ പദ്ധതികള്‍ വിജയകരമായി തുടരുന്നുവെന്നാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. നിലവില്‍ സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 12.3 ശതമാനമായി കുറഞ്ഞിട്ടുണ്ട്.
രണ്ടര വര്‍ഷത്തിനിടയില്‍ 19 ലക്ഷം വിദേശികള്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. പുതുതായി ടെലിക്കോം ഐടി മേഖലകളിലും ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍ തുടങ്ങിയ ആതിഥേയ മേഖലകളില്‍ കൂടി സ്വദേശിവല്‍ക്കരണ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.