Currency

വീട്ടു ജോലിക്കെത്തുന്ന സ്ത്രീകള്‍ക്ക് ഇനി സ്പോണ്‍സറെ കാത്ത് വിമാനത്താവളത്തില്‍ നില്‍ക്കേണ്ട; 15 മുതല്‍ പുതിയ സംവിധാനം

സ്വന്തം ലേഖകന്‍Friday, July 12, 2019 3:50 pm

റിയാദ്: റീ-എന്‍ട്രി വിസയില്‍ സ്വദേശത്തേക്കു പോയി തിരിച്ചു വരുന്ന വീട്ടു ജോലിക്കാരായ സ്ത്രീകളെ വിമാനത്താവളത്തില്‍ നിന്ന് സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ തൊഴില്‍-സാമൂഹ്യ ക്ഷേമ മന്ത്രാലയം നീക്കി. റീ- എന്‍ട്രി വിസയില്‍ തിരിച്ചു വരുന്ന വീട്ടു ജോലിക്കാരെ സ്പോണ്‍സര്‍ വരുന്നതുവരെ വിമാനത്താവളത്തിലെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റുകയാണ് നിലവില്‍ ചെയ്തിരുന്നത്.

സ്പോണ്‍സര്‍ നേരിട്ടെത്തിയായിരുന്നു ഇവരെ സ്വീകരിക്കേണ്ടത്. എന്നാല്‍ ഇനി മുതല്‍ വീട്ടു ജോലിക്കാരായ സ്ത്രീകള്‍ക്ക് സ്പോണ്‍സറെ കാത്തു നില്‍ക്കാതെ മറ്റു യാത്രക്കാരെ പോലെ ആഗമന ടെര്‍മിനലില്‍ നിന്ന് നേരെ പുറത്തിറങ്ങാന്‍ സാധിക്കും. ഈ മാസം 15 മുതലാണ് പുതിയ സംവിധാനം നിലവില്‍ വരുക. ആദ്യ ഘട്ടത്തില്‍ റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മാത്രമാണ് പുതിയ സംവിധാനം നടപ്പിലാക്കുക.

അതേസമയം പുതിയ വിസയില്‍ വരുന്ന വീട്ടു ജോലിക്കാരെ വിമാനത്താവളത്തില്‍ നിന്ന് സ്വീകരിക്കുന്ന ചുമതല ബന്ധപ്പെട്ട റിക്രൂട്ട്മെന്റ് സ്ഥാപനങ്ങള്‍ക്ക് തൊഴില്‍ മന്ത്രാലയം നല്‍കിയിട്ടുണ്ട്. വിമാനത്താവളത്തില്‍ നിന്ന് റിക്രൂട്ട്മെന്റ് സ്ഥാപനങ്ങളുടെ അഭയകേന്ദ്രത്തിലേക്കു കൊണ്ടുവരുന്ന വീട്ടുജോലിക്കാരെ റിക്രൂട്ടുമെന്റ് സ്ഥാപനങ്ങളാണ് പിന്നീട് സ്പോണ്‍സര്‍ക്ക് കൈമാറുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x