Currency

താമസ തൊഴില്‍ നിയമലംഘനം; പരിശോധന ശക്തമാക്കി സൗദി

സ്വന്തം ലേഖകന്‍Thursday, February 20, 2020 2:14 pm

ജിദ്ദ: താമസ തൊഴില്‍ നിയമലംഘകരെ കണ്ടെത്തുന്നതിനുള്ള പരിശോധന സൗദിയിലെ ജിദ്ദയിലും മക്കയിലും ശക്തമാക്കി. നിയമലംഘകരില്ലാത്ത രാജ്യം എന്ന കാമ്പയിന്റെ ഭാഗമായി സൗദിയുടെ വിവിധ ഭാഗങ്ങളില്‍ പരിശോധന തുടരുകയാണ്. ജിദ്ദയിലും മക്കയിലുമാണ് ശക്തമായ പരിശോധന നടക്കുന്നത്. പിടിയിലായ 500 ലധികം ഇന്ത്യക്കാര്‍ മക്കയിലെ നാടുകടത്തല്‍ കേന്ദ്രത്തിലെത്തിയിട്ടുണ്ട്. ഇവരെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കുമെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.

കഴിഞ്ഞ ഡിസംബര്‍ അവസാനത്തിലെ കണക്കനുസരിച്ച്, രണ്ട് വര്‍ഷം കൊണ്ട് 44 ലക്ഷത്തിലധികം പ്രവാസി നിയമലംഘകരെ പിടികൂടിയിരുന്നു. തൊഴില്‍ സാമൂഹിക കാര്യ മന്ത്രാലയം, ജവാസാത്ത് വിഭാഗം ഉള്‍പ്പെടെ 19 മന്ത്രാലയങ്ങളേയും സര്‍ക്കാര്‍ വകുപ്പുകളേയും ഉള്‍പ്പെടുത്തിയായിരുന്നു കാമ്പയിന്‍. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ നടക്കുന്ന പരിശോധനയും.

താമസ, തൊഴില്‍ നിയമലംഘകരെയാണ് പരിശോധനയിലൂടെ ലക്ഷ്യം വെക്കുന്നത്. നിയമലംഘകര്‍ക്ക് തൊഴില്‍, യാത്രാ, താമസ സഹായങ്ങള്‍ നല്‍കുന്നതും കുറ്റകരമാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x