
റിയാദ്: സൗദി അറേബ്യയില്‍ രണ്ടാഴ്ചത്തേക്ക് പൊതു ഗതാഗത നിയന്ത്രണം പ്രാബല്യത്തില്‍ വന്നു. ഇന്നു മുതല്‍ രാജ്യത്ത് ബസ്, ട്രെയിന്‍, ടാക്‌സി, വിമാന സര്‍വീസുകള്‍ നടത്തില്ല. സ്വകാര്യ സ്ഥാപനങ്ങളിലെ ബസ്സുകള്‍, ചരക്ക് ഗതാഗതം എന്നിവ പതിവു പോലെ തുടരും. കൊറോണ പ്രതിസന്ധി കാരണമുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രഖ്യാപിച്ച ലെവിയിലെ ഇളവ് നാളെ മുതല്‍ പ്രാബല്യത്തിലാകും.
കൊറോണ ബാധിതരുടെ എണ്ണം 300 പിന്നിട്ടതോടെ വ്യാപാര മേഖല സ്തംഭിക്കുന്നതാണ് സാഹചര്യം. ഇത് മറികടക്കാന്‍ 120 ബില്യണ്‍ റിയാലിന്റെ പാക്കേജ് ധനകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് നികുതിയും ഫീസുകളും അടക്കാന്‍ മൂന്ന് മാസത്തെ സാവകാശം പാക്കേജില്‍ നല്‍കുന്നു. ഇഖാമ കാലാവധി തീരുന്നവര്‍ക്ക് ലെവിയില്ലാതെ മൂന്ന് മാസത്തേക്ക് നീട്ടി നല്‍കല്‍, തൊഴില്‍ വിസ റീ എന്‍ട്രി വിസ കാലാവധി നീട്ടല്‍, ഇറക്കുമതി തീരുവ റദ്ദാക്കല്‍ എന്നിവ പാക്കേജിന്റെ ഭാഗമാണ്.
മക്കയിലും മദീനയിലും രോഗം സ്ഥിരീകരിച്ചതിനാല്‍ പ്രവേശന നിയന്ത്രണം കര്‍ശനമായി തുടരുകയാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.