Currency

ഐടി-ടെലികോം മേഖലയില്‍ നിതാഖാത്ത് വ്യവസ്ഥയില്‍ മാറ്റം വരുത്തി സൗദി; മാര്‍ച്ച് 14 മുതല്‍ പ്രാബല്ല്യത്തില്‍

സ്വന്തം ലേഖകന്‍Friday, February 26, 2021 11:52 am

റിയാദ്: സൗദിയില്‍ ഐടി- ടെലികോം മേഖലയില്‍ നിതാഖാത്ത് വ്യവസ്ഥയില്‍ മാറ്റം വരുത്തി. ഐടി- ടെലികോം മേഖല വിപുലീകരിച്ച് പുതിയ ഏഴ് തൊഴില്‍ മേഖലകളാക്കിയാണ് നിതാഖാത്തില്‍ മാറ്റം വരുത്തിയത്. മാര്‍ച്ച് 14 അഥവാ ശഅബാന്‍ ഒന്ന് മുതല്‍ പുതിയ മാറ്റം പ്രാബല്യത്തില്‍ വരും. പുതിയ മാറ്റം നിരവധി വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമാകാന്‍ കാരണമാകും.

ഐടി-ടെലികോം മേഖലയിലെ വിവിധ തസ്തികളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെല്ലാം ഒരു പൊതുവായ സ്വദേശിവല്‍ക്കരണ അനുപാതമാണ് നിതാഖാത്തില്‍ ഇത് വരെ ബാധകമായിരുന്നത്. എന്നാല്‍ ഐ.ടി-ടെലികോം എന്ന മേഖല നിതാഖാത്തില്‍ നിന്ന് റദ്ദാക്കുകയും, പകരം പുതിയ ഏഴ് മേഖലകള്‍ ഉള്‍പ്പെടുത്തുകയും ചെയ്ത് കൊണ്ട് മാനവശേഷി സാമൂഹിക വികസന മന്ത്രി ഉത്തരവിറക്കി.

പുതിയ മാറ്റം അനുസരിച്ച് ഐ.ടി. ഓപ്പറേഷന്‍സ്-റിപ്പയര്‍, ടെലികോം ഓപ്പറേഷന്‍സ്-റിപ്പയര്‍, ഐടി ഇന്‍ഫ്രാസ്ട്രക്ച്ചര്‍, ടെലികോം ഇന്‍ഫ്രാസ്ട്രക്ച്ചര്‍, ഐ.ടി സൊലൂഷന്‍സ്, ടെലികോം സൊലൂഷന്‍സ്, പോസ്റ്റല്‍ സേവനം എന്നീ ഏഴ് മേഖലകളാണ് പുതിയതായി ഉള്‍പ്പെടുത്തിയരിക്കുന്നത്. ഇതില്‍ ഓരോ വിഭാഗത്തിനും സൗദിവല്‍ക്കരണ അനുപാതം വ്യത്യസ്ഥമായിരിക്കും. ഇതിലൂടെ സ്വദേശികള്‍ക്ക് അനുയോജ്യവും മികവുറ്റതുമായ കൂടുതല്‍ തൊഴിവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യം.

പുതിയ മാറ്റമനുസരിച്ച്, ഐ.ടി സൊലൂഷന്‍സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 6 മുതല്‍ 49 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ 20 ശതമാനത്തിന് താഴെയായിട്ടാണ് സൗദിവല്‍ക്കരണം പാലിച്ചതെങ്കില്‍ ചുവപ്പ് വിഭാഗത്തിലാണ് ഉള്‍പ്പെടുക. ഐ.ടി ഓപ്പറേഷന്‍സ്- റിപ്പയര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട സ്ഥാപനങ്ങളിലെ സ്വദേശിവല്‍ക്കരണം 17 ശതമാനത്തിന് താഴെയാണെങ്കില്‍, അത്തരം സ്ഥാപനങ്ങളും ചുവപ്പ് വിഭാഗത്തിലായിരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x