Currency

വിദ്യാര്‍ഥികളെ വാഹനത്തില്‍ നിന്നും ഇറക്കുന്നതിനിടെ സ്‌കൂള്‍ ബസ് മറികടന്നാല്‍ 6,000 റിയാല്‍ വരെ പിഴ

സ്വന്തം ലേഖകന്‍Monday, October 15, 2018 12:12 pm

റിയാദ്: സൗദിയില്‍ വിദ്യാര്‍ഥികളെ വാഹനത്തില്‍ നിന്നും ഇറക്കുന്നതിനിടെ സ്‌കൂള്‍ ബസിനെ മറികടന്നാല്‍ ആറായിരം റിയാല്‍ വരെ പിഴ ചുമത്തുമെന്ന് ട്രാഫിക് വിഭാഗം. സിഗ്‌നല്‍ കട്ടിനും എതിര്‍ദിശയില്‍ വാഹനമോടിക്കുന്നതിനും 3,000 മുതല്‍ 6,000 റിയാല്‍ വരെയാണ് പിഴ. വിദ്യാര്‍ഥികളെ കയറ്റുകയോ ഇറക്കുകയോ ചെയ്യുന്ന വേളയില്‍ സ്‌കൂള്‍ ബസിനെ മറികടക്കുന്നവര്‍ക്കും ഇതേ പിഴ ലഭിക്കും.

വാഹനാപകടത്തത്തെുടര്‍ന്ന് മരണം സംഭവിച്ചാല്‍ നാല് വര്‍ഷം തടവും രണ്ട് ലക്ഷം റിയാല്‍ പിഴയും ചുമത്തും. 15 ദിവസം വരെ ആശുപത്രി ചികില്‍സ ആവശ്യമുള്ള പരിക്കാണെങ്കില്‍ രണ്ട് വര്‍ഷം തടവും ഒരു ലക്ഷം റിയാല്‍ പിഴയുമാണ് ശിക്ഷ. സൗദി ട്രാഫിക് നിയമത്തിലെ അറുപത്തിരണ്ടാം അനുഛേദത്തിന്റെ ഭേദഗതി അനുസരിച്ചാണ് തടവും പിഴയും നല്‍കാനുള്ള വകുപ്പെന്നും അധികൃതര്‍ വ്യക്തമാക്കി.

നിയമലംഘനത്തിലെ പട്ടിക മൂന്ന് അനുസരിച്ച് മാലിന്യം വാഹനത്തില്‍ നിന്ന് പുറത്തേക്കെറിഞ്ഞാല്‍ 300 മുതല്‍ 500 റിയാല്‍ വരെ പിഴ ലഭിക്കും. ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നവര്‍ക്കും കുട്ടികള്‍ക്ക് സുരക്ഷ ഉറപ്പുവരുത്തുന്ന സീറ്റ് ഘടിപ്പിക്കാത്തവര്‍ക്കും വാഹനത്തില്‍ രക്ഷിതാക്കളില്ലാതെ കുട്ടികളെ തനിച്ചാക്കുന്നവര്‍ക്കും സമാനമാണ് പിഴ. വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഉപയോഗിച്ചാല്‍ 500 മുതല്‍ 900 റിയാല്‍ വരെയാണ് പിഴ. നമ്പര്‍ പ്ലേറ്റ് ഇല്ലാതെയോ കേടുവന്ന അവസ്ഥയിലോ വാഹനമോടിച്ചാല്‍ 1,000 മുതല്‍ 2,000 റിയാല്‍ വരെയും പിഴ ലഭിക്കും


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x