Currency

സൗദിയില്‍ ഇനി ഏകീകൃത പാസ്; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു

സ്വന്തം ലേഖകന്‍Monday, April 13, 2020 10:40 am

റിയാദ്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സൗദി അറേബ്യയില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിച്ചു. ഏകീകൃത പാസ് സംവിധാനം ഇന്ന് മൂന്ന് മണി മുതല്‍ പ്രാബല്യത്തിലാകും. ഇതോടെ നിലവില്‍ കര്‍ഫ്യൂവില്‍ ഇളവ് ലഭിക്കുവാനായി ഉപയോഗിച്ചിരുന്ന പാസുകള്‍ക്ക് പകരം ആഭ്യന്തര മന്ത്രായത്തില്‍ നിന്നുള്ള പ്രത്യേക പാസ് നിര്‍ബന്ധമാകും. ആദ്യ ഘട്ടത്തില്‍ ഇന്ന് മുതല്‍ റിയാദിലാണ് പുതിയ ചട്ടം പ്രാബല്യത്തിലാകുന്നത്. സര്‍ക്കാര്‍ മേഖലകളിലുള്‍പ്പെടെ മുഴുവന്‍ മേഖലകളിലുള്ളവര്‍ക്കും ഇത് ബാധകമാണ്. വിലക്ക് ലംഘിക്കുന്നവര്‍ക്ക് 10,000 റിയാല്‍ പിഴ ചുമത്തും.

പുറത്ത് കറങ്ങി നടന്ന മലയാളികളുള്‍പ്പെടെയുള്ള നിരവധി പേര്‍ക്ക് കഴിഞ്ഞ ദിവസം പിഴ ചുമത്തിയിരുന്നു. രാജ്യത്തെ വിവിധ ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്ന തൊഴിലാളികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപാര്‍പ്പിക്കുന്ന നടപടികളും ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കിഴക്കന്‍ പ്രവശ്യയില്‍ 15 സ്‌കൂളുകളിലായി നിരവധി പേര്‍ക്ക് താമസ സൗകര്യമൊരുക്കി. ജിദ്ദയില്‍ ലേബര്‍ ക്യാമ്പില്‍ കഴിയുന്നവരില്‍ ആയിരത്തിലധികം പേരെ ഗവണ്‍മെന്റ് സ്‌കൂളുകളിലേക്ക് മാറ്റുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.

സാമൂഹിക അകലം പാലിക്കാന്‍ സാധിക്കാതെ ലേബര്‍ ക്യാമ്പുകളില്‍ ആശങ്കയോടെ കഴിഞ്ഞിരുന്ന മലയാളികളുള്‍പ്പെടെയുള്ള നിരവധി തൊഴിലാളികള്‍ക്ക് ആശ്വാസം പകരുന്നതാണ് നടപടി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x