Currency

സൗദിയില്‍ രാജ്യം വിടാതെ സന്ദര്‍ശക വിസകള്‍ പുതുക്കുന്ന നടപടി പ്രാബല്യത്തില്‍

സ്വന്തം ലേഖകന്‍Wednesday, April 1, 2020 1:14 pm

റിയാദ്: സൗദിയില്‍ രാജ്യം വിടാതെ സന്ദര്‍ശക വിസകള്‍ പുതുക്കുന്ന നടപടി പ്രാബല്യത്തിലായി. ഒരു വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ സന്ദര്‍ശക വിസയിലെത്തിയവര്‍ക്ക് രാജ്യം വിടാതെതന്നെ വിസ കാലാവധി പുതുക്കുന്ന നടപടികളാണ് പ്രാബല്യത്തിലായത്. ആരോഗ്യ ഇന്‍ഷുറന്‍സും വിസാ ഫീസും അടച്ചവര്‍ക്ക് അബ്ഷിര്‍ പോര്‍ട്ടല്‍ വഴി വിസ പുതുക്കാവുന്നതാണ്. നിരവധി വിദേശികള്‍ക്ക് ആശ്വാസകരമാണ് പുതിയ നടപടി.

നിലവിലെ ചട്ടപ്രകാരം ആറുമാസം മുതല്‍ ഒമ്പത് മാസം വരെ വിസ പുതുക്കുന്നതിന് രാജ്യത്ത് നിന്ന് പുറത്ത് പോയി തിരിച്ചെത്തല്‍ നിര്‍ബന്ധമായിരുന്നു. എന്നാല്‍ കോവിഡ് 19 രോഗത്തിന്റെ പശ്ചാതലത്തില്‍ അന്തരാഷ്ട്ര വിമാന സര്‍വിസുകള്‍ നിര്‍ത്തിവെക്കുകയും രാജ്യത്തിന്റെ കര അതിര്‍ത്തികള്‍ അടച്ചു യാത്ര വിലക്കുകള്‍ ഏര്‍പ്പെടുത്തുകയും ചെയ്ത സാഹചര്യത്തില്‍ വിസ പുതുക്കാനാകാതെ നിരവധി വിദേശികള്‍ പ്രയാസമനുഭവിച്ചിരുന്നു.

ഈ സാഹചര്യത്തലാണ് അബ്ശീര്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി മള്‍ട്ടിപ്പിള്‍ സന്ദര്‍ശക വിസ പുതുക്കാന്‍ സൗദി പാസ്‌പോര്‍ട്ട് വിഭാഗം അംഗീകാരം നല്‍കിയത്. ആരോഗ്യ ഇന്‍ഷൂറന്‍സ് ഓണ്‍ലൈനില്‍ പുതുക്കിയ ശേഷം മൂന്ന് മാസത്തെ വിസ ഫീസായി 100 റിയാല്‍ അടക്കണം. തുടര്‍ന്ന് അബ്ഷിര്‍ വഴി മൂന്ന് മാസത്തേക്ക് വിസ കാലാവധി പുതുക്കാവുന്നതാണ്. വിസ കാലാവധി അവസാനിക്കുന്നതിന് ഏഴ് ദിവസം മുമ്പ് മുതല്‍, കാലാവധി അവസാനിച്ച് മൂന്ന് ദിവസം വരെ വിസ പുതുക്കാന്‍ അനുവാദമുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x