
റിയാദ്: സൗദി അറേബ്യയിലെ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് കൊവിഡ് സാഹചര്യത്തില്‍ ജീവനക്കാരുടെ ശമ്പളം കുറക്കാനും അവധി നീട്ടാനും നല്‍കിയിരുന്ന അനുമതി ഗവണ്മെന്റ് പിന്‍വലിച്ചു. ഇനി കരാര്‍ പ്രകാരം ആദ്യമുണ്ടായിരുന്ന ശമ്പളം തന്നെ നല്‍കണം. കൊവിഡ് പ്രത്യാഘാതം രാജ്യം അതിജയിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.
കൊവിഡ് പശ്ചാത്തലത്തില്‍ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് സ്ഥാപനങ്ങള്‍ നേരിട്ടത്. ഈ സാഹചര്യത്തിലാണ് ശമ്പളം വെട്ടിക്കുറക്കാനും അവധി നീട്ടാനും അനുവദിക്കുന്ന പുതിയ നിയമം ചേര്‍ത്തിരുന്നത്. ഇതു പ്രകാരം ജീവനക്കാരും തൊഴിലുടമകളും തമ്മിലുള്ള കരാറില്‍ താത്കാലിക മാറ്റങ്ങള്‍ വരുത്താമായിരുന്നു.
തൊഴിലാളിയുടെ ശമ്പളം വെട്ടിക്കുറക്കുകയും നിര്‍ബന്ധിത അവധി നല്‍കുകയും ചെയ്യാമായിരുന്നു. ഒപ്പം തൊഴില്‍ സമയം കുറക്കാനും അതനുസരിച്ച് ശമ്പളം കുറക്കാനും അനുവാദമുണ്ടായിരുന്നു. ഈ നിയമമാണ് ഇപ്പോള്‍ പിന്‍വലിച്ചത്. 2020 ഏപ്രില്‍ 20ന് പ്രഖ്യാപിച്ച ഈ വകുപ്പ് ഇനിയുണ്ടാകില്ല. കരാര്‍ പ്രകാരമുള്ള പഴയ ശമ്പളം പുനഃസ്ഥാപിക്കണം. നിര്‍ബന്ധിച്ച് തൊഴില്‍ സമയം കുറക്കാനോ നിര്‍ബന്ധിത അവധി നല്‍കാനോ പാടില്ല. കൊവിഡ് സാഹചര്യത്തില്‍ പ്രതിസന്ധിയിലായ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കിയിരുന്നു. ഇത് സ്വീകരിച്ച കമ്പനികള്‍ ജീവനക്കാരെ പിരിച്ചു വിടരുതെന്ന നിബന്ധന നേരത്തേയുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.