
റിയാദ്: സൗദിയില്‍ സ്വദേശിവല്‍ക്കരണം വര്‍ദ്ധിപ്പിക്കുന്നതിന് പുതിയ പദ്ധതി ആരംഭിച്ചു. സ്വദേശിവല്‍ക്കരണത്തിനായി തൊഴില്‍ മന്ത്രാലയം ഇത് വരെ നടപ്പാക്കിയിതില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പുതിയ പദ്ധതി. കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ മേല്‍ ചുമത്തപ്പെട്ടിട്ടുള്ള പിഴകള്‍ പരിഹരിക്കപ്പെടുന്നതാണ് പുതിയ രീതി. വിവിധ കാരണങ്ങളാല്‍ പിഴ ചുമത്തപ്പെട്ടിട്ടുള്ള സ്ഥാപനങ്ങള്‍ക്ക് പിഴയൊടുക്കാതെ പരിഹാരം കാണാനാകുമെന്നതിനാല്‍ കൂടുതല്‍ സ്വദേശികളെ നിയമിക്കാന്‍ സ്ഥാപനമുടമകള്‍ തയ്യാറായേക്കുമെന്നാണ് മന്ത്രാലയത്തിന്റെ പ്രതീക്ഷ.
എന്നാല്‍ പദ്ധതിയുടെ ആനുകൂല്ല്യം ലഭിക്കുവാന്‍ ഉപാധികളുണ്ട്. സ്ഥാപനം ഗ്രീന്‍ കാറ്റഗറിയോ അതിന് മുകളിലോ ആയിരിക്കുക, വേതന സംരക്ഷണ പദ്ധതി നടപ്പിലാക്കി വരുന്ന സ്ഥാപനമായിരിക്കുക, പിഴകള്‍ക്കെതിരെ പരാതികള്‍ നല്‍കാത്ത സ്ഥാപനമായിരിക്കുക, പിഴകള്‍ പരിഹരിക്കാനായി അപേക്ഷ സമര്‍പ്പിച്ച ശേഷമുള്ള സ്ഥാപനത്തിലെ സ്വദേശികളുടെ എണ്ണം മുമ്പത്തേതിനേക്കാള്‍ കുറവാകാതിരിക്കുക തുടങ്ങിയവയാണ് ഉപാധികള്‍. നിയമിക്കപ്പെടുന്നവര്‍ക്ക് കുറഞ്ഞത് ഒരുവര്‍ഷമെങ്കിലും അനുയോജ്യമായ ശമ്പളത്തോട് കൂടി ജോലി നല്‍കിയിരിക്കണമെന്നും വ്യവസ്ഥയുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.