
റിയാദ്: സൗദിയിലെ പന്ത്രണ്ട് മേഖലകളിലെ സ്വദേശിവത്കരണത്തിന്റെ ആദ്യ ഘട്ടത്തിന് തുടക്കം. പുതുതായി ആരംഭിക്കുന്ന സ്വദേശിവത്കരണ നടപടി മലയാളികള്‍ ഉള്‍പ്പടെയുള്ള പ്രവാസികള്‍ നടത്തുന്ന ചെറുകിട സ്ഥാപനങ്ങളെ ഗുരുതരമായി ബാധിക്കും. ഇതിന് പരിഹാരം കാണാനുള്ള ശ്രമത്തിലാണ് ചെറുകിട കച്ചവടക്കാര്‍. ഓട്ടോമൊബൈല്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍, ഫര്‍ണീച്ചര്‍, പാത്രക്കടകള്‍ എന്നിവിടങ്ങളിലാണ് സ്വദേശിവല്‍ക്കരണം നിലവില്‍ വരുന്നത്. ഇത്തരം കടകളിലെ തൊഴിലാളികളില്‍ എഴുപത് ശതമാനം സ്വദേശികള്‍ ആയിരിക്കണമെന്നതാണ് നിബന്ധന.
വിരലിലെണ്ണാവുന്ന തൊഴിലാളികള്‍ മാത്രം ജോലിചെയ്യുന്ന ചെറുകിട കച്ചവട സ്ഥാപനങ്ങളെ പുതിയ നിബന്ധന കാര്യമായി ബാധിക്കും. പുതുതായി സ്വദേശികളെ നിയമിച്ചു മുന്നോട്ടു പോവാനുള്ള സാഹചര്യം ഇത്തരം ചെറുകിട കച്ചവടക്കാര്‍ക്ക് ഉണ്ടാവില്ല. ഫലത്തില്‍ അവര്‍ കച്ചവടം അടച്ചുപൂട്ടുകയോ മറ്റു മേഖലകളിലേക്ക് തിരിയുകയോ ചെയ്യേണ്ടതായി വരും.
വരും മാസങ്ങളില്‍ കൂടുതല്‍ മേഖലയിലേക്ക് സ്വദേശിവല്‍ക്കരണം കടന്നുവരുന്നതോടെ കച്ചവട കേന്ദ്രങ്ങളില്‍ കൂടുതല്‍ സ്വദേശികളെ നിയമിക്കേണ്ടതായി വരും. ഇതുമൂലം സ്പോണ്‍സര്‍മാര്‍ തങ്ങളുടെ നിലവിലെ വിദേശ തൊഴിലാളികളെ പകുതിയായെങ്കിലും കുറക്കാന്‍ നിര്‍ബന്ധിതരാവും. ഇത് മലയാളികള്‍ ഉള്‍പ്പെടയുള്ള പതിനായിരക്കണക്കിന് വിദേശികളുടെ ജോലി നഷ്ടപ്പെടുന്നതിന് കാരണമാവും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.