
റിയാദ്: സ്വദേശിവത്കരണം ശക്തമാകുന്ന സൗദിയില്‍ പ്രവാസികള്‍ക്ക് നേരിയ ആശ്വാസവുമായി ജോലിമാറ്റത്തിനുള്ള നടപടികള്‍ ആരംഭിച്ചു. സൗദിയില്‍ സമഗ്ര നിതാഖാത് മൂലം തൊഴില്‍ നഷ്ടമാകുന്നവരുടെ ഏക പ്രതീക്ഷ ജോലിമാറ്റത്തിനുള്ള സാധ്യത മാത്രമാണ്. മെഡിക്കല്‍, എന്‍ജിനീയറിങ്, ഓഡിറ്റിങ് തുടങ്ങിയ മേഖലകളിലെ തസ്തികകളിലേക്ക് മാറാമെന്ന സാധ്യതയാണ് ഇവര്‍ക്ക് മുന്നിലുള്ളത്.
ഈ രംഗങ്ങളില്‍ യോഗ്യതയും പരിചയവുമുള്ളവര്‍ക്ക് ജോലിമാറ്റത്തിലൂടെ താത്കാലികമായി പിടിച്ചുനില്‍ക്കാം. ജോലിമാറ്റം ആഗ്രഹിക്കുന്ന വിദേശതൊഴിലാളികള്‍ സ്‌പോണ്‍സറോ കമ്പനിയോ മുഖേന അപേക്ഷിക്കണം. ആഭ്യന്തര മന്ത്രാലയമാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നതെന്നതും വിദേശികള്‍ക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
12.30 ലക്ഷം വിദേശികളാണ് സൗദിയിലെ വ്യാപാരമേഖലയില്‍ ജോലിചെയ്യുന്നത്. അതായത്, 65 ശതമാനം. വാഹനമേഖലയിലെ 95,000 സ്ഥാപനങ്ങളിലായി വിപണി, റിപ്പയറിങ് മേഖലകളില്‍ നാലു ലക്ഷത്തിലേറെപ്പേരും ജോലിചെയ്യുന്നു. 70 ശതമാനത്തോളം പേരുടെ ജോലി നഷ്ടമാകുന്നതോടെ ലക്ഷക്കണക്കിന് വിദേശികളാകും മടങ്ങേണ്ടി വരുന്നത്.
സൗദിയില്‍ 10 ലക്ഷത്തിലേറെ മലയാളികളില്‍ 70 ശതമാനം ചെറുകിട സ്ഥാപനങ്ങളിലാണ് ജോലിചെയ്യുന്നത്. സ്വദേശിവത്കരണത്തിലും ലെവി പരിഷ്‌കാരത്തിലും പിടിച്ചുനില്‍ക്കാന്‍ കഴിയാതെ ഒട്ടേറെ സ്ഥാപനങ്ങള്‍ കഴിഞ്ഞദിവസങ്ങളില്‍ പൂട്ടിയിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.