Currency

വിദ്യാഭ്യാസ മേഖലയിലും സൗദിവത്കരണം പടിമുറുക്കുന്നു

സ്വന്തം ലേഖകന്‍Friday, October 5, 2018 1:09 pm

റിയാദ്: വിദ്യാഭ്യാസ മേഖലയിലും സൗദിവത്കരണം പിടിമുറുക്കുന്നു. വിദ്യാഭ്യാസ മേഖലയിലെ പ്രധാന തസ്തികകള്‍ക്കൂടി സൗദിവത്കരിക്കാന്‍ വിദ്യാഭ്യാസ മന്ത്രി നിര്‍ദേശം നല്‍കി. സ്‌കൂളുകള്‍ക്ക് പുതിയ തൊഴില്‍ വിസകള്‍ അനുവദിക്കുന്നതിലും നിയന്ത്രണം കൊണ്ട് വരും. പദ്ധതി സമയബന്ധിതമായി നടപ്പാക്കുന്നുവെന്ന് ഉറപ്പ് വരുത്താന്‍ പ്രത്യേക സമിതിയെ ചുമതലപ്പെടുത്താനും മന്ത്രാലയം നിര്‍ദ്ദേശം നല്‍കി.

സ്വകാര്യ വിദ്യാഭ്യാസ മേഖലയിലെ അധ്യാപക, അനധ്യാപക ജോലികള്‍ സ്വദേശിവത്കരിക്കാന്‍ മന്ത്രാലയം നേരത്തെ തന്നെ ആലോചിച്ചിരുന്നു. വിദ്യാര്‍ത്ഥികളുടെ സൂപ്പര്‍വൈസിംഗ്, അഡ്മിനിസ്‌ട്രേറ്റീവ് തുടങ്ങിയ ജോലികളില്‍ സ്വദേശികളെ നിയമിക്കണമെന്നാണ് പുതിയ നിര്‍ദേശം. വിദ്യാഭ്യാസ മന്ത്രി അഹമ്മദ് അല്‍ ഈസാ പ്രത്യേക സര്‍ക്കുലര്‍ വഴിയാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഈ അധ്യായന വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ പൂര്‍ത്തിയാക്കാനും നിര്‍ദേശമുണ്ട്. സ്റ്റുഡന്‍സ് കൗണ്‍സിലര്‍, ആക്ടിവിറ്റി കോര്‍ഡിനേറ്റര്‍ എന്നീ തസ്തികകളും സ്വദേശിവത്കരണത്തില്‍ ഉള്‍പ്പെടും.

യോഗ്യരായ സ്വദേശികള്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ മാത്രമേ പുതിയ വിസകള്‍ അനുവദിക്കുകയുള്ളൂ. ഇക്കാര്യം അതത് പ്രവശ്യകളുടെ ചുമതലയുള്ള വിദ്യാഭ്യാസ ഡയറക്ടര്‍മാര്‍ ഉറപ്പ് വരുത്തണം. ഇത് പരിശോധിക്കാനായി പ്രത്യേക സമിതിയെ ചുമതലപ്പെടുത്തണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x