Currency

സൗദിയില്‍ വിനോദ സഞ്ചാര മേഖലയിലും സ്വദേശിവല്‍ക്കരണം; മലയാളികള്‍ക്ക് തിരിച്ചടിയാവും

സ്വന്തം ലേഖകന്‍Thursday, October 25, 2018 11:41 am

റിയാദ്: വിനോദ സഞ്ചാര മേഖലകളിലും സൗദിവല്‍ക്കരണം വര്‍ധിപ്പിക്കും. ഇത് മലയാളികളടക്കമുള്ള ആയിരക്കണക്കിന് വിദേശികള്‍ക്ക് തിരിച്ചടിയാകും. സ്വദേശികള്‍ക്ക് തൊഴില്‍ ഉറപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി വിവിധ മേഖലകളില്‍ സൗദി സ്വദേശിവല്‍ക്കരണ നയം നടപ്പാക്കി വരുകയാണ്. ഇതിന്റെ ഭാഗമായാണ് ആയിരങ്ങള്‍ ജോലി ചെയ്യുന്ന ട്രാവല്‍, ടൂറിസം മേഖലകളില്‍ സൗദി നോട്ടമിട്ടിരിക്കുന്നത്.

ഇപ്പോള്‍ 28 ശതമാനം സ്വദേശിവല്‍ക്കരണമാണ് നിശ്ചയിച്ചിരുന്നത്. പിന്നീട് പടിപടിയായി ഉയര്‍ത്തും. തൊഴില്‍, സാമൂഹിക വികസന മന്ത്രാലയവും ടൂറിസം, ദേശീയ പൈതൃക വകുപ്പും തമ്മിലുള്ള സഹകരണത്തോടെയാണ് സൗദിവല്‍ക്കരണം ശക്തിപ്പെടുത്തുന്നത്. ഇതിലൂടെ സ്വദേശികള്‍ക്ക് തൊഴിലവസരങ്ങളും പരിശീലനവും ഉറപ്പാക്കും.

ടൂറിസം മേഖലയില്‍ സൗദിവല്‍ക്കരണ പദ്ധതികള്‍ കൂടുതല്‍ ഊര്‍ജിതമാക്കുന്നതിന് തൊഴില്‍, സാമൂഹിക വികസന മന്ത്രി എന്‍ജിനീയര്‍ അഹ്മദ് അല്‍റാജ്ഹിയുമായുള്ള ചര്‍ച്ചയില്‍ ധാരണയായതായും പറഞ്ഞു. ഇതേസമയം സൗദിവല്‍ക്കരിച്ച തൊഴിലുകളില്‍ വിദേശികള്‍ ജോലി ചെയ്യുന്നില്ലെന്ന് ഉറപ്പു വരുത്തുന്നതിന് പരിശോധന ശക്തമാക്കാനും തീരുമാനിച്ചു.

2017ലെ കണക്കനുസരിച്ച് ടൂറിസം മേഖലയില്‍ 9,93,900 പേര്‍ ജോലി ചെയ്യുന്നുണ്ട്. 2016ല്‍ 9,36,700 ആയിരുന്നു. ടൂറിസം മേഖല പ്രത്യക്ഷമായും പരോക്ഷമായും ആകെ 14.9 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുന്നുണ്ടെന്നാണു കണക്ക്. 2020ല്‍ ഇത് 17 ലക്ഷമായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2025 ആകുമ്പോഴേക്കും ഈ മേഖലയില്‍ മൂന്നേകാല്‍ ലക്ഷത്തോളം സൗദികള്‍ക്ക് ജോലി ലഭ്യമാക്കുകയാണ് അധികൃതരുടെ ലക്ഷ്യം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x