Currency

കപ്പൽ കേസിൽപ്പെട്ടു; മലയാളിയടക്കമുള്ള ജീവനക്കാർ ദുരിതത്തിൽ

സ്വന്തം ലേഖകൻFriday, September 9, 2016 5:16 pm

ചരക്കുകയറ്റി വന്നപ്പോഴുണ്ടായ തര്‍ക്കം കേസായതിനെ തുടര്‍ന്ന് സീലോഡ് കപ്പല്‍ ബഹ്റൈന്‍ തീരത്ത് പിടിച്ചിട്ടത് മലയാളിയടക്കമുള്ള ജീവനക്കാർക്ക് ദുരിതമാകുന്നു.

മനാമ: ചരക്കുകയറ്റി വന്നപ്പോഴുണ്ടായ തര്‍ക്കം കേസായതിനെ തുടര്‍ന്ന് സീലോഡ് കപ്പല്‍ ബഹ്റൈന്‍ തീരത്ത് പിടിച്ചിട്ടത് മലയാളിയടക്കമുള്ള ജീവനക്കാർക്ക് ദുരിതമാകുന്നു. ഖലീഫ ബിന്‍ സല്‍മാന്‍ തുറമുഖത്ത് നിന്നും മൂന്ന് നോട്ടിക്കല്‍ മൈല്‍ അകലെയായി നങ്കൂരമിട്ടത്.  ദുബൈയിലുള്ള കപ്പൽ ഉടമയക്കുറിച്ച്‌ യാതൊരു വിവരവുമില്ലാത്തതും ജീവനക്കാരെ കുഴക്കുന്നു. പാകിസ്താന്‍ സ്വദേശിയാണു കപ്പലിന്റെ ഉടമ.

11 ജീവനക്കാരാണു കപ്പലിൽ ഉണ്ടായിരുന്നത്. ഇതില്‍ രണ്ടുപേര്‍ നാട്ടിലേക്ക് മടങ്ങി. ഇപ്പോള്‍ ഒമ്പതുപേരാണുള്ളത്. ഇതില്‍ എടപ്പാള്‍ ചങ്ങരംകുളം സ്വദേശി നിഖിലും ഉള്‍പ്പെടും. നിഖിലിന് 10 മാസത്തെ ശംബളം കിട്ടാനുണ്ട്. 19 മാസമായി ശംബളം മുടങ്ങിയവരും കപ്പലിലുണ്ട്. ഇക്കാര്യത്തില്‍ എന്തെങ്കിലും തീരുമാനമായശേഷം നാട്ടിലേക്ക് മടങ്ങിയാല്‍ മതിയെന്ന തീരുമാനത്തിലാണിവർ.

ഇന്ത്യക്കാര്‍ക്ക് പുറമെ, സുഡാന്‍, സിറിയ, മ്യാന്‍മര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് കപ്പലിലുള്ളത്. ഇന്ത്യക്കാര്‍ തമിഴ്നാട്, ഗുജറാത്ത്, ഡല്‍ഹി, മഹാരാഷ്ട്ര സ്വദേശികളാണ്. യാത്രാ സംബന്ധമായ പ്രശ്നങ്ങളുണ്ടെങ്കില്‍ ശരിയാക്കാമെന്നും ശമ്പളവിഷയത്തില്‍ കാര്യമായി ഒന്നും ചെയ്യാനാകില്ലെന്നുമാണ് ഇന്ത്യൻ എംബസ്സി അറിയിച്ചതെന്ന് കപ്പല്‍ ജീവനക്കാര്‍ പറഞ്ഞു.

 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x